പണയ സ്വർണം ലേലം ചെയ്തു , ബാങ്ക് ഉദ്യോഗസ്ഥനെ മർദിച്ച പ്രതികളെ കോടതി ശിക്ഷിച്ചു
ചാവക്കാട് :ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണാഭരണങ്ങൾ ലേലം ചെയ്തതിലുള്ള വൈരാഗ്യത്തിൽ ബാങ്ക് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ .കേസിലെ മൂന്ന് പ്രതികൾക്ക് നാലുമാസം വീതം തടവും,ആയിരം രൂപ ശിക്ഷയും വിധിച്ച് ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.തിരുവത്ര തെരുവത്ത് അബ്ദുൽകലാം(53),തിരുവത്ര പുതിയറ പുത്തൻപറമ്പിൽ അംജത്ത്ഖാൻ(33),തിരുവത്ര പുതിയറവീട്ടിൽ ഉമ്മർ ഫാറൂഖ്(30) എന്നിവരെയാണ് മജിസ്ട്രേറ്റ് കെ.ബി.വീണ ശിക്ഷിച്ചത്.2013 നവംബർ 19 നാണ് കേസിനാസ്പദമായ സംഭവം.ചാവക്കാട് ഫർക്കാ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ തിരുവത്ര അത്താണി ശാഖയിലെ ഉദ്യോഗസ്ഥനായ ടി.വി.ഹൈദ്രോസിനെ ബാങ്കിന് മുന്നിലെ ബസ്റ്റോപ്പിൽ വെച്ച് അക്രമിച്ച കേസിലാണ് കോടതി നടപടി.ബാങ്കിൽ വെച്ചിരുന്ന സ്വർണാഭരണങ്ങൾ ലേലം ചെയ്തതിലുള്ള പ്രതികാരമാണ് അക്രമത്തിൽ കലാശിച്ചത് എന്നാണ് പ്രോസിക്യൂഷൻ ചാർജ് ചെയ്ത കേസ് .അതേസമയം മൂന്ന് പ്രതികളെയും ഹൈദ്രോസ് ആക്രമിച്ചുവെന്ന പരാതിയിൽ ഹൈദ്രോസിനെ കോടതി വെറുതെ വിട്ടു.ഹൈദ്രോസിന് വേണ്ടി അഡ്വ.കെ.ഡി.വിനോജ് ഹാജരായി