ക്ഷേത്ര നഗരിയിലെ തകർന്ന റോഡുകൾ , കൗൺസിലിൽ പ്രതിപക്ഷ ബഹളം
ഗുരുവായൂര്‍ : മേല്‍പ്പാല നിര്‍മ്മാണത്തിനായി അടച്ച ഗുരുവായൂർ ചൂണ്ടൽ റോഡിനുള്ള ബദല്‍ റോഡുകളുടെ ശോചനീയാവസ്ഥയില്‍ നടപടിയാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലില്‍ ബഹളം. പ്രതിപക്ഷ ഉപനേതാവ് കെ.പി.എ റഷീദാണ് വിഷയം ഉന്നയിച്ചത്. ജനങ്ങള്‍ ബുദ്ധിമുട്ടുന്നു എന്നത് യാഥാര്‍ഥ്യമാണെന്ന് നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് അംഗീകരിച്ചു.
പൊതുമരാമത്ത് വകുപ്പ് ഉറപ്പു നല്‍കിയ പണികള്‍ ഒന്നും പൂര്‍ത്തീകരിക്കാത്തതാണ് പ്രധാന വിഷയമെന്ന് ചെയര്‍മാന്‍ പറഞ്ഞു. അഴുക്ക്ചാല്‍ പദ്ധതിക്കായി വാട്ടര്‍ അതോറിറ്റി ഏറ്റെടുത്ത റോഡുകള്‍ പൊതുമരാമത്തിന് കൈമാറാത്തതും ടാറിംഗ് വൈകാന്‍ കാരണമായി. ഇത് സംബന്ധിച്ച് തര്‍ക്കം മുറുകിയതോടെ അജന്‍ഡക്ക് ശേഷം ചര്‍ച്ചചെയ്യാമെന്ന്് ചെയര്‍മാന്‍ അറിയിച്ചതോടെ രംഗം ശാന്തമായി. ബദൽ റോഡുകൾ സഞ്ചാര യോഗ്യമാക്കാതെയാണ് ക്ഷേത്ര നഗരിയിലെ പ്രധാന റോഡ് ആയ ചൂണ്ടൽ റോഡ് മേൽപ്പാല നിർമാണത്തിനായി അടച്ചു പൂട്ടിയത്
വലിയ തോട് പാര്‍ശ്വ ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനായി അനുവദിച്ച തുക വക മാറ്റി ചിലവഴിക്കുന്നതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ സി.എസ്.സൂരജ് നടുത്തളത്തില്‍ കുത്തിയിരുന്നു. സര്‍വ്വേനടത്തി കയ്യേറ്റം കണ്ടെത്തിയ ശേഷമേ വലിയ തോടിന് ഭിത്തി കെട്ടാനാകുവെന്ന് ചെയര്‍മാന്‍ പറഞ്ഞു. മള്‍ട്ടി പാര്‍ക്കിംഗ് കേന്ദ്രത്തിലെ മുഴുവന്‍ സ്ഥലത്തും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് ഡി.പി.ആര്‍ തയ്യാറാക്കാന്‍ അംഗീകൃത ഏജന്‍സിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. പടിഞ്ഞാറെനടയില്‍ പ്രാഥമീകാവശ്യങ്ങള്‍ക്കായി 10 ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.