
നഗരസഭ കൗൺസിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ പുതിയ കൗൺസിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10 മണിക്ക് ഗുരുവായൂർ മുൻസിപ്പൽ ടൗൺഹാളിൽ നടന്ന നഗരസഭ ഭരണാധികാരിയായ സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എൻ വിജയകുമാർ മുമ്പാകെ മുതിർന്നംഗം എൽ.ഡി.എഫിലെ 30ാം വാർഡ് സ്ഥാനാർഥി എ ടി ഹംസ ആദ്യം സത്യപ്രതിജ്ഞ ചെയ്തു.

തുടർന്ന് മറ്റ് അംഗങ്ങൾക്ക് എടി ഹംസ സത്യ വാചകം ചൊല്ലിക്കൊടുത്തു. ദേവസ്വം ചെയർമാൻ ഡോക്ടർ വി കെ വിജയൻ, നഗരസഭ മുൻ ചെയർമാൻ എം കൃഷ്ണദാസ്, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്, ഹെൽത്ത് സൂപ്പർവൈസർ ബിസി അശോക് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭ ആരോഗ്യവകുപ്പിന്റെ അഭിമുഖ്യത്തിൽ എല്ലാ സ്ഥാനാർത്ഥികൾക്കും തൈകൾ നൽകി അഭിനന്ദിച്ചു.
മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗവും ചേർന്നു.

