കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സി പി ഐ കേരളഘടകം.
വിജയവാഡ : കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സി പി ഐ കേരളഘടകം. വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ആവശ്യമുയര്‍ന്നത്. സി പി എമ്മിന്‍റേത് പോലെ കോണ്‍ഗ്രസ് സഹകരണത്തില്‍ ഒളിച്ചുകളി വേണ്ട. ബദല്‍ സഖ്യത്തില്‍ വ്യക്തത വേണമെന്നും ആവശ്യം ഉയര്‍ന്നു. അതേസമയം പാര്‍ട്ടിയില്‍ 75 വയസ് പ്രായപരിധി കർശനമായി നടപ്പാക്കാന്‍ സി പി ഐ തീരുമാനം. പ്രായപരിധിയെ ചൊല്ലി പരസ്യപ്പോര് വരെ കേരളത്തില്‍ നടന്നതിനൊടുവില്‍ സി പി ഐ കേന്ദ്ര തീരുമാനവും കാനം രാജേന്ദ്രന് അനുകൂലമാകുകയാണ്.
സംസ്ഥാന നേതൃത്വം പ്രായപരിധിയില്‍ നിലപാട് കടുപ്പിച്ചപ്പോഴും പാര്‍ട്ടി കോണ്‍ഗ്രസില്‍ പിടിവള്ളിയെന്തെങ്കിലും ഉണ്ടാകുമെന്നായിരുന്നു കെ ഇ ഇസ്മായില്‍ പക്ഷത്തെ പ്രതീക്ഷ. എന്നാല്‍ പ്രായപരിധിയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്കാണ് ദേശീയ നേതൃത്വവും എത്തുന്നത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ യുവാക്കളില്ലെന്ന സംഘടന റിപ്പോര്‍ട്ടിയിലെയടക്കം ആത്മവിമർശനത്തിനൊടുവിലാണ് പ്രായപരിധി നിർബന്ധമാക്കാൻ തീരുമാനിക്കുന്നത്.
കനയ്യകുമാര്‍ പാര്‍ട്ടി വിട്ടതും വിമര്‍ശനത്തിന് ആക്കം കൂട്ടിയിരുന്നു. കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങളില്‍ ഒരുപക്ഷേ ഇളവ് നല്‍കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ വോട്ടെടുപ്പ് വേണ്ടിവരും. പ്രായപരിധിയെന്ന തീരുമാനം നേരത്തെയെടുത്ത സി പി എമ്മില്‍, പി ബിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട എസ് രാമചന്ദ്രൻപിള്ള ഉള്‍പ്പെടെയുള്ളവരെ പ്രത്യേക ക്ഷണിതാക്കളാക്കാന്‍ തീരുമാനിച്ചിരുന്നു.
കൗൺസിലിൽ നിന്ന് ഒഴിവാകുന്നവരെ ക്ഷണിതാക്കളാക്കുന്നതിനെയും കേരള ഘടകം എതിർത്തേക്കും. പാര്‍ട്ടിയുടെ പ്രവർത്തനരീതിയിലടക്കം മാറ്റം വരുത്തണമെന്ന നിർദ്ദേശത്തോടെ അവതരിപ്പിച്ച കരട് സംഘടന റിപ്പോര്‍ട്ടിലും രാഷ്ട്രീയ പ്രമേയത്തിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചർച്ച തുടരുകയാണ്. റിപ്പോര്‍ട്ടുകളെ കുറിച്ച് സംസ്ഥാനങ്ങള്‍ അഭിപ്രായം വ്യക്തമാക്കും. ഡി രാജ ജനറൽ സെക്രട്ടറിയായി തുടരാനാണ് സാധ്യത. പുതിയ കൗൺസിലിനെക്കുറിച്ചുള്ള ആലോചന നാളെ നടക്കും.