വനിതാ നേതാക്കളുടെ മുറിയിൽ രാത്രി പോലീസ് പരിശോധന, പ്രതിഷേധം ഇരമ്പി
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ അർധരാത്രിയിൽ കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്. കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് എസ്‌പി ഓഫീസിലേക്കുള്ള മാർച്ചിൽ സംഘർഷം. എസ്‌പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്.
കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ പാതിരാത്രിയില്‍ വനിതാ പൊലീസില്ലാതെ റെയ്ഡിനെ കെ. സുധാകരന്‍ രൂക്ഷ വിമര്‍ശിച്ചു. അപ്രതീക്ഷിതമായ സംഭവമാണ് ഇന്നലെ നടന്നത്. ഷാനിമോള്‍ ആയതു കൊണ്ടാണ് മാന്യമായി പെരുമാറിയത്. മറ്റാരെങ്കിലും ആയിരുന്നുവെങ്കില്‍ ചെരുപ്പ് എടുത്ത് അടിക്കുമായിരുന്നു. ധീരരായ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ പൊലീസിന്റെ ഉമ്മാക്കി കാണിച്ചു ഭയപ്പെടുത്താന്‍ സാധിക്കില്ല.
പാതിരാത്രിയില്‍ പരിശോധന നടത്താനുള്ള ഉത്തരവ് ആരാണാ നല്‍കിയത്?. എന്ത് സാഹചര്യത്തിലാണ് ഉത്തരവ് കൊടുത്തത്?. വനിതാ നേതാക്കളുടെ മുറികള്‍ പരിശോധിച്ചിട്ട് കള്ളപ്പണം കിട്ടിയോ?. കള്ളപ്പണം കിട്ടാത്ത സാഹചര്യത്തില്‍ സോറി പറഞ്ഞിട്ട് പോകാനുള്ള മര്യാദ കാണിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരെ സേനയില്‍ തുടരാന്‍ അനുവദിക്കരുത്. കൊടുംപാതകമാണ് പൊലീസ് ചെയ്തത്. പൊലീസുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ആളുകള്‍ ഒരുമിച്ച് നിന്നല്ലേ ഇന്നലെ മുദ്രാവാക്യം വിളിച്ചത്. ഇന്നലെ വരെ കോണ്‍ഗ്രസിനെതിരെ ബി.ജെ.പി ബന്ധമെന്ന് ആരോപിക്കുന്ന സി.പി.എം നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും കെ. സുധാകരന്‍ ചോദിച്ചു.സി.പി.എം നാശത്തിന്റെ പാതയിലേക്കാണ് പോകുന്നത്. നേര്‍വഴിക്ക് സഞ്ചരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ ജനങ്ങള്‍ തള്ളുമെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.