ദുരിതാശ്വാസ ക്യാമ്പുകളില്‍ രാപ്പകല്‍ ചുമടെടുത്ത കളക്ടർ ബ്രോ ഒടുവിൽ രാജിവെച്ചു
കോട്ടയം: കഴിഞ്ഞ പ്രളയത്തില്‍, ആരാണെന്ന് വെളിപ്പെടുത്താതെ ദുരിതാശ്വാസ ക്യാമ്പു കളില്‍ രാപ്പകല്‍ ചുമടെടുത്ത് കേരളത്തിന്റെ ഹൃദയത്തില്‍ കൂടുകൂട്ടിയ മലയാളി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ (31) രാജിവച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് രാജിക്ക് കാരണമെന്നാണ് സൂചന. കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലിയില്‍ ഊര്‍ജ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു.
എല്ലാവരുടെയും ശബ്ദമാകാനാണ് ഐ.എ.എസ് എടുത്ത്. എന്നാല്‍ ഇപ്പോള്‍ സ്വന്തം ശബ്ദം പോലും ഇല്ലാതായ അവസ്ഥയാണ്. ഉദ്യോഗസ്ഥനായിരിക്കെ പലതും പുറത്ത് പറയാനാകില്ല. സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായി. അത് വീണ്ടെടുക്കാനാണ് ഈ രാജി’- കോട്ടയം കൂരോപ്പട ചന്ദനത്തില്‍ പരേതനായ ഗോപിനാഥന്‍ നായര്‍ – കുമാരി ദമ്പ തികളുടെ ഏകമകനായ കണ്ണന്‍ പറഞ്ഞു.
ദാദ്ര നഗര്‍ ഹവേലി ജില്ലാ കളക്ടറായിരിക്കെ ദുരിതാശ്വാസ സഹായമായ ഒരു കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറാനുള്ള ഔദ്യോഗിക യാത്രയായിരുന്നു കഴിഞ്ഞ പ്രളയത്തില്‍ കേരളത്തിലേക്ക്. എന്നാല്‍, ദുരിതക്കാഴ്ചകള്‍ കണ്ട് 8 ദിവസം സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങി. ആദ്യമെത്തിയത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ കളക്‌ഷന്‍ സെന്ററില്‍. പിന്നീട് പത്തനംതിട്ടയിലേക്ക്. മറ്റു യുവാക്കള്‍ക്കൊപ്പം കണ്ണനും കൂടി. ഓരോ ദിവസവും ഓരോ ക്യാമ്ബിലായി രാവിലെ മുതല്‍ രാത്രി വരെ പണിയെടുത്തു. വണ്ടികളില്‍ കൊണ്ടുവന്ന ചാക്കു കണക്കിന് അരിയും മറ്റും ചുമന്ന് ക്യാമ്ബുകളിലെത്തിച്ചു. രാത്രി കഴിച്ചുകൂട്ടിയത് സമീപത്തെ ലോഡ്ജുകളില്‍.
ഒടുവില്‍, എറണാകുളത്തെ ക്യാമ്ബില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള എത്തിയപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ഐ.എ.എസുകാരന്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് മറ്റുള്ളവര്‍ തിരിച്ചറിഞ്ഞത്.കണ്ണന്റെ പ്രാഥമിക വിദ്യാഭ്യാസം കോട്ടയം കൂരോപ്പടയിലായിരുന്നു. അച്ഛന്‍ ഗോപിനാഥന്‍ നായര്‍ വില്ലേജ് ഓഫീസറായിരുന്നു. പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡിയിലെ പഠനത്തിന് ശേഷം റാഞ്ചി ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കി. ജോലി ലഭിച്ച ശേഷം സഹപ്രവര്‍ത്തകയായിരുന്ന ഡല്‍ഹി രാജകുടുംബാംഗം ഹിമാനിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് മാതാപിതാക്കളും ഡല്‍ഹിയില്‍ താമസമാക്കി. ഇതിനിടയിലാണ് സിവില്‍ സര്‍വീസ് നേടിയത്.
മിസോറാമിലെ ഐസ്വാളില്‍ കളക്ടറായിരിക്കുമ്ബോള്‍ കണ്ണന്‍ ഗോപിനാഥന്റെ ഓഫീസ് ഒരു പരീക്ഷണശാലയായിരുന്നു. പ്രകൃതിദുരന്ത മുന്നറിയിപ്പ് നല്‍കാന്‍ ആപ്പ്, വൈദ്യുതി മുടക്കം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി ജില്ലയിലെ പല പ്രശ്നങ്ങളും കണ്ണന്‍ പരിഹരിച്ചത് സാങ്കേതിക വിദ്യയിലൂടെയാണ്.