വടയിൽ തേരട്ട , ക്ഷേത്ര നടയിലെ കോഫീ ബൂത്തുകൾ ദേവസ്വം അടച്ചു പൂട്ടി ,നൽകിയിരുന്നത് വ്യജ ബ്രൂ കോഫീ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിലെ കോഫീ ബൂത്തുകൾക്ക് ഒടുവിൽ ദേവസ്വം തന്നെ പൂട്ട് ഇട്ടു .ദേവസ്വം ഭരണ സമിതി യുടെ തീരുമാനം അനുസരിച്ച് ദേവസ്വം ആരോഗ്യ വിഭാഗമാണ് ബൂത്തുകൾ അടപ്പിച്ചത് . കഴിഞ്ഞ ദിവസം കോഫീ ബൂത്തിൽ നിന്നും നൽകിയ പരിപ്പു വടയിൽ ചത്ത തേരട്ടയെ കണ്ടെത്തിയിരുന്നു വണ്ടൂർ സ്വദേശി രതീഷും കുടുംബവും ക്ഷേത്ര ദർശനത്തിന് ശേഷം കോഫീ ബൂത്തിൽ നിന്നും ചായയും വടയും വാങ്ങി കഴിക്കുമ്പോഴാണ് വടയിൽ നിന്നും തേരട്ടയെ കിട്ടിയത്.
വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി ആ കോഫീ ബൂത്ത് അടപ്പിച്ചിരുന്നു . എന്നാൽ ഇവരുടെ തന്നെ മറ്റ് നാലു ബൂത്തുകളും തുറന്ന് പ്രവർത്തിച്ചിരുന്നു .അതാണ് ഇന്ന് അടച്ചു പൂട്ടിച്ചത്. ക്ഷേത്ര നടയിലെ കോഫീ ബൂത്തുകളിൽ ഭക്ഷ്യ വസ്തുക്കൾ വിൽപന നടത്തരുതെന്ന് ടെണ്ടറിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട് . എന്നാൽ ദേവസ്വം ഉദ്യോഗസ്ഥരെ വേണ്ടപോലെ കണ്ടാണ് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതെന്ന് ആരോപണം ഉണ്ട് . ക്ഷേത്രനടയിലെ എല്ലാ കോഫീ ബൂത്തുകളും ഒരു വ്യക്തി തന്നെയാണ് എടുത്തിട്ടുള്ളത് . ഇതിന് പുറമെ കോഫീ ബൂത്തിലെ സാധന സമഗ്രഹികൾ കഴുകിയിരുന്നത് കക്കൂസിലെ ബക്കറ്റിലായിരുന്നു .
ഇതിനു പുറമെ വ്യാജ കാപ്പി പൊടി ആണ് ഇവിടെ ഉപയോഗിച്ചിരുന്നത് . ബ്രൂ കമ്പനി നൽകുന്ന കാപ്പി കലർന്ന പാൽ പൊടി കിലോക്ക് 350 രൂപ കൊടുക്കേണ്ടി വരുമ്പോൾ, കിലോക്ക് 200 രൂപക്ക് കിട്ടുന്ന പൊടി ഉപയോഗിച്ചാണ് ഇവിടെ കാപ്പി നൽകിയിരുന്നത് . തമിഴ്നാട്ടിൽ നിന്നും കൊണ്ട് വരുന്ന വ്യാജൻ വിതരണം ചെയ്യുന്നത് പാവറട്ടിയിൽ ഒരു കമ്പനിയാണ് . ടെണ്ടറിൽ ബ്രൂ കാപ്പി വിൽക്കണമെന്ന് ഉണ്ടെങ്കിലും ബ്രൂ വിന്റെ വ്യാജൻ ആണ് വിൽപന നടത്തിയിരുന്നത് . ഉപഭോക്താക്കൾ ഭൂരിഭാഗവും പുറത്ത് നിന്ന് വരുന്നവരാകുന്നത് കൊണ്ട് എന്ത് കലക്കി കൊടുത്താലും പരാതി പറയാതെ പോകുമെന്ന് ഇവർക്ക് അറിയാം . ഇത്തരം കോഫീ ബൂത്തുകളിൽ നിലവാരമുള്ള കാപ്പി നൽകണമെങ്കിൽ ബൂത്തിന്റെ നടത്തിപ്പ് ബ്രൂ കമ്പനിയെ തന്നെ ഏൽപ്പിക്കണമെന്നാണ് ഭക്തർ ആവശ്യപ്പെടുന്നത് . ദേവസ്വം ഇപ്പോൾ ഈടാക്കുന്ന ഉയർന്ന വാടകയാണ് കമ്പനികളെ പിന്നോട്ടടിപ്പിക്കുന്നത് . ഒന്നുകിൽ ദേവസ്വം വാടക കുറക്കാൻ തയ്യാറാകണം .അല്ലെങ്കിൽ ഇതേ പോലെയുള്ള കരാറുകാർക്ക് നൽകി ഭക്തരെ വ്യാജ കോഫീ കുടിക്കാൻ നിർബന്ധിതരാക്കുകയോ വേണം