ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ കനോലി കനാല്‍ ടൂറിസം വികസനം പദ്ധതി
ചാവക്കാട്: ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ ഉള്‍പ്പെടുത്തുന്നതിനായി, ചാവക്കാട് നഗരസഭയില്‍ നിന്നും കനോലി കനാല്‍ ടൂറിസം വികസനം പദ്ധതി നിര്‍ദേശിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. പദ്ധതിയുടെ 60 ശതമാനം തുക ടൂറിസം വകുപ്പില്‍ നിന്നും ബാക്കി തുക നഗരസഭ പദ്ധതി വിഹിതമായുമാണ് കണ്ടെത്തേണ്ടത്. ടൂറിസം വകുപ്പില്‍ നിന്നും ലഭ്യമായേക്കാവുന്ന തുക പരമാവധി 50 ലക്ഷം രൂപയാണ്.
ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ഐ.ടി.ഐ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ പുത്തന്‍ കടപ്പുറം ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ വളപ്പില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഐ.ടി.ഐ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം അനുവദിച്ചു കിട്ടാന്‍ ഫിഷറീസ് വകുപ്പില്‍ നിന്നും അനുമതി തേടാന്‍ യോഗം തീരുമാനിച്ചു. കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് വരെ സ്‌കൂളില്‍ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ്സ് മുറികള്‍ താല്‍ക്കാലികമായി അനുവദിക്കുന്നതിനും ഫിഷറീസ് വകുപ്പിന് അപേക്ഷ നല്‍കും.
ചാവക്കാട് നഗരസഭ 14-ാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ തയ്യാറാക്കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ടും വികസന രേഖയും അംഗീകരിക്കുന്നതിനായി വാര്‍ഡ് സഭകള്‍ ചേരും. വാര്‍ഡ് സഭകളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും കരട് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനും യോഗത്തില്‍ തീരുമാനമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു