
ക്‌ളെയിം നിഷേധിച്ചു, ഇൻഷുറൻസ് കമ്പനിക്കെതിരെ വിധി.

തൃശൂർ : കാത്തിരിപ്പ് കാലാവധിയിൽ ഉൾപ്പെടുന്ന അസുഖമെന്ന് പറഞ്ഞ്, അർഹതപ്പെട്ട ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.വെട്ടുകാട് വെട്ടുമ്പിള്ളി വീട്ടിൽ വി.കെ.രാധാകൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്.

രാധാകൃഷ്ണന് ചികിത്സാർത്ഥം 103287 രൂപ 82 പൈസ ചിലവ് വന്നിട്ടുള്ളതാകുന്നു. എന്നാൽ അനുവദിക്കുകയുണ്ടായതു് 50000 രൂപ മാത്രമാകുന്നു. ക്ളെയിം പ്രകാരം ഹർജിക്കാരന് 100000 രൂപ ലഭിക്കേണ്ടതുണ്ടായിരുന്നു. കാത്തിരിപ്പ് കാലാവധിയിൽ (വെയ്റ്റിംഗ് പിരിയഡ്) രക്തസമ്മർദ്ദത്തിനും ഹൃദയസംബന്ധമായ അസുഖത്തിനും ക്ളെയിം ലഭിക്കുകയില്ല എന്ന് കാണിച്ചാണ് 50000 രൂപ നിഷേധിക്കുകയുണ്ടായതു്
.തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കൃത്യമായി വിവരങ്ങൾ ധരിപ്പിക്കാതെ സാങ്കേതിക വ്യാഖ്യാനങ്ങൾ നടത്തി ക്ളെയിം നിഷേധിക്കുന്നത് സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടുമാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ഇൻഷുറൻസ് കമ്പനി നിഷേധിച്ച 50000 രൂപയും ആയതിന് ഹർജി തിയ്യതി മുതൽ 6 % പലിശയും നഷ്ടപരിഹാരമായി 10000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

