ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 26 മുതൽ ജനുവരി 6 വരെ
ഗുരുവായൂർ : ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ഡിസംബർ 26 മുതൽ ജനുവരി 6 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12 ദിവസം നീണ്ടുനിൽക്കുന്ന ആചാരാനുഷ്ഠാന ആഘോഷപരിപാടികൾക്ക് ക്ഷേത്രം തന്ത്രിയും വേദപണ്ഡിതന്മാരും മുഖ്യകാർമ്മികത്വം വഹിക്കും.കന്യകമാർക്ക് മംഗല്യസൗഭാഗ്യത്തിനും ദമ്പതികൾക്ക് നെടുമംഗല്യത്തിനും അതിവിശിഷ്ടമായ ശ്രീപാർവ്വതിദേവിക്ക് പട്ടും താലിയും ചാർത്തലും ഉമാമഹേശ്വരന്മാർക്ക് മംഗല്യപൂജയുമാണ് തിരുവാതിര നാളുകളിലെ പ്രധാന വഴിപാടുകൾ.
ആഘോഷപരിപാടികളുടെ ഭാഗമായി എല്ലാദിവസവും ബ്രാഹ്മണിയമ്മ പാട്ട്, സമ്പൂർണ്ണ നാരായണീയ പാരായണം, കൈക്കൊട്ടികളി,നൃത്ത നൃത്യങ്ങള്‍, വാദ്യ വിശേഷങ്ങൾ എന്നിവ ഉണ്ടായിരിക്കും.തിരുവാതിര നാളുകളിൽ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് രാവിലെയും ഉച്ചക്കും രാത്രിയിലും പ്രസാദ ഊട്ട് നൽകും . ക്ഷേത്രം ഊരാളൻകീഴില്ലം കൃഷ്ണൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് നേതൃത്വം നൽകും
ക്ഷേത്ര കമ്മറ്റി സെക്രട്ടറി സി. ഹരിദാസ്, ഭരണ സമിതി അംഗം കെ. ഉണ്ണികൃഷ്ണൻ, ചൊവ്വല്ലൂർ മോഹനൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.