കുനൂർ ഹെലികോപ്റ്റർ അപകത്തിൽ മരിച്ചവരിൽ തൃശൂർ സ്വദേശിയായ സൈനികനും
കോയമ്പത്തൂർ : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിന് ഇടയാക്കിയ കുനൂർ ഹെലികോപ്റ്റർ അപകത്തിൽ മരിച്ചവരിൽ തൃശൂർ സ്വദേശിയായ സൈനികനും . തൃശൂർ പുത്തൂർ പൊന്നൂക്കര സ്വദേശിയും ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറും ആയിരുന്ന വ്യോമസേന വാറന്റ് ഓഫീസർ പ്രദീപ് അറയ്ക്കലാണ് (38) രാജ്യത്തെ ഞെട്ടിച്ച അപകടത്തിൽ മരിച്ച മലയാളി.
2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻസ്, ഉത്തരാഖണ്ഡിലും കേരളത്തിലും പ്രളയ സമയത്തെ റസ്ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തു.
2018 ലെ കേരളത്തിലെ പ്രളയ സമയത്തു കോയന്പത്തൂർ വ്യോമസേനാ താവളത്തിൽനിന്നും രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യർഹമായ സേവനമാണ് പ്രദീപ് കാഴ്ചവച്ചത്. ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്തുവാൻ സാധിച്ച, പ്രദീപ് ഉൾപ്പെട്ട ആ ദൗത്യസംഘം ഇന്ത്യൻ പ്രസിഡന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസ നേടിയിരുന്നു.
പൊന്നൂക്കര മൈന്പുള്ളി ക്ഷേത്രത്തിനുസമീപം അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെ മകനാണ്. സംഭവം അറിഞ്ഞ് സഹോദരൻ പ്രസാദ് കോയന്പത്തൂരിലേക്കു തിരിച്ചിട്ടുണ്ട്. പ്രദീപിന്റെ കുടുംബം കോയന്പത്തൂരിലെ ക്വാർട്ടേഴ്സിലാണ് താമസം.
ഏതാനും നാൾ മുന്‍പ് പ്രദീപ് മകന്റെ പിറന്നാളാഘോഷത്തിനും അച്ഛന്റെ ചികിത്സാ ആവശ്യത്തിനുമായി നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ച് നാലാംദിവസമാണ് അപകടം. അമ്മ: കുമാരി. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: ദക്ഷൻ ദേവ് (അഞ്ച്), ദേവപ്രയാഗ് (രണ്ട്).
കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് ഹെലികോപ്റ്റർ അപകടമുണ്ടായത്.
വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററാണ് ഉച്ചയ്ക്ക് തകർന്നു വീണത്. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അപകടത്തിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ചികിത്സയിലാണ്.
ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ. ഗുര്‍സേവക് സിംഗ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവർ അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നു.