ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി
ഗുരുവായൂർ : മദ്യാസക്തരുടെ പ്രവൃത്തികൾ കുടുംബത്തിലുണ്ടാക്കുന്ന വിള്ളലുകളും പ്രത്യാഘാതങ്ങളും വരച്ചു കാണിക്കുന്ന ചിത്രമായ ‘ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം വെങ്കിടങ്ങിൽ ശ്രദ്ധേയമായി . തികച്ചും ഗ്രാമീണ കൂട്ടായ്മയിൽ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് സിനിമാ പ്രവർത്തകനായ രാജീവ് ആചാരിയാണ് . ആളുകളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്ന സർക്കാരുകളും എന്നാൽ അവർക്കെതിരെ കേസെടുക്കാൻ വിധിക്കപ്പെട്ട അതേ സർക്കാരിന്റെ പോലിസുകാരുടെയും പൊയ്മുഖം തുറന്നു കാണിക്കൽ കൂടിയാണ് ഈ ചിത്രം .
ചിത്രത്തിന്റെ റിലീസിങ്ങ് കർമ്മം പ്രശസ്ത കവിയും ഗാന രചിയിതാവും കൂടിയായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവ്വഹിച്ചു . അഡ്വക്കറ്റ് സുജിത് അയിനിപ്പുള്ളി , ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനായ ജെതിൻ വാസുദേവ് , പ്രശസ്ത നർത്തകിയും അധ്യാപികയുമായ ശ്രീദേവി സുജിഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു . ചടങ്ങിൽ സംവിധായകൻ രാജീവ് ആചാരി ,സുനിൽ സുഷശ്രീ , അസിസ് ടെക്ക്നിക്ക് , സുമേഷ് മുല്ലശ്ശേരി എന്നിവർ പ്രസംഗിച്ചു . ഈ ചിത്രത്തിൽ മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കരുവന്തല ഒരു സുപ്രധാന വേഷം ചെയ്തിട്ടുണ്ട് .
പ്രശസ്ത സിനിമാ താരങ്ങളായ മിയ ജോർജ് , ഭാമ , സരയൂ ,ജിത്തു വേണുഗോപാൽ , സംവിധായകൻ ഒമർ ലുലു , സംഗീത സംവിധായകൻ മോഹൻ സിതാര എന്നിവരുടെ സോഷ്യൽ മീഡിയകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് . ഈ ചിത്രം വിവിധ ഫെസ്റ്റിവല്ലുകളിലേക്ക് തിരഞ്ഞെടുത്തതായി അണിയറ പ്രവർത്തകർ അറിയിച്ചു