മുൻ കേന്ദ്ര മന്ത്രിയും തെന്നിന്ത്യൻ നടനുമായ ചിരഞ്ചീവി ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ : മുൻ കേന്ദ്ര മന്ത്രിയും ദക്ഷിണേന്ത്യയിലെ പ്രശസ്ത ചലച്ചിത്ര താരവുമായ ചിരഞ്ചീവി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ശ്രീവൽസം അതിഥി മന്ദിരത്തിലെത്തിയ ചിരഞ്ചീവിയും പത്നി സുരേഖയും വിശ്രമിച്ച ശേഷം നാലരയോടെയാണ് ക്ഷേത്ര ദർശനത്തിനെത്തിയത്. ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, മുൻ ഭരണ സമിതി അംഗം കെ.വി.ഷാജി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
തുടർന്ന് ചിരഞ്ജീവിയും പത്നിയും ശ്രീകോവിലിന് മുന്നിൽ തൊഴുതു. കാണിക്കയും സമർപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ചിരഞ്ചീവിയ്ക്കും പത്നി സുരേഖയ്ക്കും പ്രസാദ കിറ്റ് നൽകി. ക്ഷേത്ര ദർശനം കഴിഞ്ഞ് ശ്രീവൽസത്തിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് ദേവസ്വത്തിൻ്റെ ഉപഹാരം അഡ്മിനിസ്ട്രറ്റർ കെ.പി.വിനയൻ നൽകി. 2012 ൽ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ അദ്ദേഹം ഗുരുവായൂരിൽ ദർശനത്തിനെത്തിയിരുന്നു
ഫോട്ടോ ഉണ്ണി ഭാവന