Madhavam header
Above Pot

ചെമ്പൈ സ്വാമികൾ കർണാടക സംഗീതത്തെ ജനകീയമാക്കി:
ദേശീയ സെമിനാർ

ഗുരുവായൂർ : കർണാടക സംഗീതത്തെ ജാതി ഭേദങ്ങളോ അതിർവരമ്പുകളോ ഇല്ലാതെ ജനകീയമാക്കുന്നതിൽ മഹത്തായ സംഭാവന നൽകിയ ഉന്നത വ്യക്തിത്വമാണ് സംഗീത കലാനിധി ചെമ്പൈ വൈദ്യനാഥ ഭാഗവതരെന്ന് ദേശീയ സെമിനാർ. ചെമ്പൈ സംഗീതോൽസവത്തിൻ്റെ പ്രാരംഭമായി ഗുരുവായൂർ ദേവസ്വം നടത്തിയ ദേശീയ സംഗീത സെമിനാറിലാണ് ഈ അഭിപ്രായം ഉയർന്നത്.
വ്യാഴാഴ്ച രാവിലെ പത്തിന് ശ്രീവൽസം അനക്സിലെ കോൺഫറൻസ് ഹാളിൽ സംഗീത കലാചാര്യയും പ്രശസ്ത സംഗീതജ്ഞയുമായ ഡോ.കെ.ഓമനക്കുട്ടി സെമിനാർ ഉദ്ഘാടനം ചെയ്തു.

Astrologer

ഒട്ടേറെ സവിശേഷതകൾ ഉള്ള അപൂർവ്വ വ്യക്തിത്വമായിരുന്നു ചെമ്പൈ സ്വാമികളെന്ന് ഡോ ഓമനക്കുട്ടി അനുസ്മരിച്ചു. ഏറ്റവും വലിയ പ്രത്യേകത ഘനഗാംഭീര്യമാർന്ന അദ്ദേഹത്തിൻ്റെ ശബ്ദമായിരുന്നു. ശ്രീ ഗുരുവായൂരപ്പൻ നൽകിയ ശബ്ദം. ജാതി മത ഭേദങ്ങളില്ലാതെ സംഗീതം പഠിക്കാനാഗ്രഹിച്ചെത്തിയവരെയെല്ലാം പാലക്കാട് കോട്ടായിലെ ഭവനത്തിൽ അദ്ദേഹം സ്വീകരിച്ചു. ശിഷ്യരാക്കി. പ്രശസ്ത സംഗീതജ്ഞരായ ജയവിജയമാരുടെ കാര്യം ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി. ശിഷ്യരെയും സഹപ്രവർത്തകരായ പക്കമേളക്കാരെയും ഒരുപോലെ പരിഗണിച്ചിരുന്നു. പത്തു വയസ്സുള്ള കുട്ടിയായ പക്കമേളക്കാരനൊപ്പം പാടുന്നതിൽ ഒരു വിമുഖതയും കാട്ടിയില്ല. ഇന്നത്തെ കാലത്ത് ഇത് സങ്കൽപ്പിക്കാനില്ല. ശ്രീ ഗുരുവായൂരപ്പൻ്റെ സകല അനുഗ്രഹവും ലഭിച്ച തികഞ്ഞ കലാകാരനായിരുന്നു അദ്ദേഹം – ഡോ ഓമനക്കുട്ടി പറഞ്ഞു.

സംസ്കൃതം പഠിക്കാൻ എല്ലാവർക്കും അവസരം ഇല്ലാത്ത കാലത്ത് സരസ്വതിക്ക് തീണ്ടലില്ലെന്നു പറഞ്ഞ് എല്ലാവരെയും സംസ്കൃതം പഠിപ്പിക്കാൻ തയ്യാറായ പുന്നശ്ശേരി നീലകണ്ഠശർമ്മയുടെ ജീവിത കഥ പറഞ്ഞുകൊണ്ടാണ് ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷ പ്രസംഗം തുടങ്ങിയത്. കർണാടക സംഗീതത്തിൽ ഈ നിലയിൽ ജാതിഭേദങ്ങളില്ലാതെ പഠിക്കാനാഗ്രഹിച്ചവർക്കെല്ലാം സംഗീത അറിവുകൾ പകർന്ന തികഞ്ഞ മനുഷ്യസ്നേഹിയായ സംഗീതജ്ഞനായിരുന്നു ചെമ്പൈ സ്വാമികൾ. സംഗീത പഠനം സമഗ്രമാകണമെങ്കിൽ പ്രയോഗം മാത്രമല്ല സിദ്ധാന്തവും പഠിക്കേണ്ടതുണ്ട്. ആ ലക്ഷ്യം മുൻനിർത്തിയാണ് ദേവസ്വം ഈ സെമിനാർ നടത്തുന്നതെന്നും ചെയർമാൻ പറഞ്ഞു.

1911 മുതൽ മരണം വരെ ശ്രീ ഗുരുവായൂരപ്പന് മുന്നിൽ സംഗീതാർച്ചന നടത്താൻ അവസരം ലഭിച്ച പരമഭക്തനായിരുന്നു ചെമ്പൈ സ്വാമികളെന്ന് ആമുഖഭാഷണം നടത്തിയ പ്രൊഫ.വൈക്കം വേണുഗോപാൽ പറഞ്ഞു.40 ഉദയാസ്തമന പൂജ നടത്താൻ ഭഗവാൻ അനുഗ്രഹിച്ച ഭക്തൻ കൂടിയായിരുന്നു അദ്ദേഹം -വൈക്കം വേണുഗോപാൽ പറഞ്ഞു. ചടങ്ങിൽ ഡോ.കെ.എൻ.രംഗനാഥ ശർമ്മ, പ്രഫ. ജോർജ് എസ്.പോൾ എന്നിവർ പ്രബന്ധാവതരണം നടത്തി. ഡോ.ബി.അരുന്ധതിമോഡറേറ്ററായിരുന്നു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതം പറഞ്ഞു…സംഗീത വിദ്യാർത്ഥികളും ഗവേഷകരും ഉൾപ്പെടെ നിരവധി പേർ സെമിനാറിൽ പങ്കെടുത്തു

Vadasheri Footer