Header 1 = sarovaram
Above Pot

ചെമ്പൈ സംഗീതോൽസവം :മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവം നവംബർ 8 ന് വൈകിട്ട് 6ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ പദ്മഭൂഷൺ മധുരൈ ടി.എൻ ശേഷഗോപാലന് ചടങ്ങിൽ മന്ത്രി സമ്മാനിക്കും. തുടർന്ന് പുരസ്കാര സ്വീകർത്താവിൻ്റെ സംഗീതകച്ചേരിയും മേൽപുത്തുർ ആഡിറ്റോറിയത്തിൽ അരങ്ങേറും. നവംബർ 9 ന് രാവിലെ ഏഴു മണിക്ക് ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ചെമ്പൈ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിക്കുന്നതോടെ 15 ദിവസം നീളുന്ന സംഗീതോത്സവത്തിന് തുടക്കമാകും.

മേൽപുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ചെമ്പൈ സ്വാമികളുടെ തംബുരു ചെമ്പൈ ഗ്രാമത്തിലെ അദ്ദേഹത്തിൻ്റെ വസതിയിൽ നിന്ന് നവംബർ 7 ന് വൈകിട്ട് ഏറ്റുവാങ്ങി ഘോഷയാത്രയായി വിവിധ കേന്ദ്രങ്ങളിലെ വരവേൽപ്പ് ഏറ്റുവാങ്ങി നവംബർ 8 ബുധനാഴ്ച വൈകിട്ട് ആറോടെ കിഴക്കേ നടയിൽ നിന്ന് സ്വീകരിച്ച് മേൽപുത്തൂർ ആഡിറ്റോറിയത്തിലെത്തിക്കും. തംബുരു ചെമ്പൈ സംഗീത മണ്ഡപത്തിൽ സ്ഥാപിച്ച ശേഷമാകും സംഗീതോൽസവത്തിൻ്റെ ഉദ്ഘാടന ചടങ്ങുകൾ.

Astrologer

സംഗീതോൽസവത്തിൻ്റെ പ്രാരംഭമായി നവംബർ 7 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ ദേശീയ സംഗീത സെമിനാർ നടത്തും. കിഴക്കേനട യിലെ ഗുരുവായൂർ സത്യഗ്രഹ സ്മാരക മന്ദിരത്തിലെ നാരായണീയം ഹാളിലാണ് സെമിനാർ. പ്രശസ്ത സംഗീത സംവിധായകൻ പി.എസ്.വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. ഡോ.എൻ. മിനി, അരുൺ രാമവർമ്മ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.ഗുരുവായൂർ മണികണ്ഠൻ, ആനയടി പ്രസാദ് എന്നിവർ മോഡറേറ്ററാകും.

ചെമ്പൈ സംഗീതോൽസവത്തിൽ സംഗീതാർച്ചന നടത്താൻ 4039 അപേക്ഷകൾ ഓൺലൈനായി ലഭിച്ചു. ഇതിൽ 252 അപേക്ഷകൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. മൂവായിരത്തിലേറെ പേർ ഇത്തവണ സംഗീതാർച്ചന നടത്തും

Vadasheri Footer