എളവള്ളി ചേലൂര്‍ പോത്തന്‍ കുന്ന് ഇടിഞ്ഞുവീണു
ഗുരുവായൂർ : എളവള്ളി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തുകളിലായുള്ള പോത്തന്‍കുന്നിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുവീണു. പ്രദേശത്ത് കല്ലു വെട്ടി ഉണ്ടായ വലിയ കുളങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് മൂലം ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുകയാണെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുമായി സ്ഥലം സന്ദര്‍ശിക്കുമ്ബോഴായിരുന്നു സംഭവം.
കുന്നിന്റെ മുകളില്‍ എത്തിയ സംഘം കല്ലുവെട്ടി രൂപപ്പെട്ട കുഴികളിലും കുളങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് പരിശോധിക്കുമ്ബോഴായിരുന്നു വലിയ ശബ്ദത്തോടെ സമീപത്തെ മണ്ണ് ഇടിഞ്ഞു വീണത്. വര്‍ഷങ്ങള്‍ക്കു മുമ്ബ് പോത്തന്‍ കുന്ന് പ്രദേശത്ത് വലിയ ചെങ്കല്‍മടയായിരുന്നു. സമീപവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്നീട് കല്ലുവെട്ടല്‍ നിര്‍ത്തിവെച്ചത്. 30 മീറ്റര്‍ താഴ്ചയിലാണ് കല്ലുവെട്ടി നീക്കിയിട്ടുള്ളത്. കല്ല് വെട്ടി നീക്കിയ ഭാഗത്തിന് അടിവശത്തായി മഞ്ഞ, കറുപ്പ് നിറത്തിലായി കാണപ്പെടുന്ന മണ്ണ് അതിശക്തമായ മഴ മൂലം നനഞ്ഞുകുതിര്‍ന്ന അവസ്ഥയിലാണ്.
കുന്നിന്റെ അപകടാവസ്ഥ പരിശോധിക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയമിക്കുന്നതിന് ജില്ലാ കലക്ടറോട് ആവശ്യപ്പെടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് പറഞ്ഞു. എംഎല്‍എ മുരളി പെരുനെല്ലിയുമായി കൂടിയാലോചിച്ച് റവന്യൂ, പൊലീസ്, ജിയോളജി, മൈനിങ് ഉദ്യോഗസ്ഥരുടെയും കണ്ടാണശ്ശേരിഎളവള്ളി ഗ്രാമപഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് നിലവിലെ സ്ഥിതി തരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സിനൊപ്പം ജനപ്രതിനിധികളായകെ ഡി വിഷ്ണു, എന്‍ ബി ജയ, ടി സി മോഹനന്‍, എളവള്ളി പഞ്ചായത്ത് സെക്രട്ടറി തോമസ് രാജന്‍, ബാങ്ക് ഡയറക്ടര്‍ കെ പി രാജു, പി പി മോഹനന്‍, പി സി ബിജു എന്നിവരടങ്ങുന്ന സംഘമാണ് കുന്ന് സന്ദര്‍ശിച്ചത്.