Madhavam header
Above Pot

ചാവക്കാട് സമ്പൂർണ്ണ കുടിവെള്ള പദ്ധതി ഉദ്ഘാടനം 16ന്.

ചാവക്കാട് : നഗരസഭയിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതി ഫെബ്രുവരി 16ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർപേഴ്സൺ ഷീജ പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2 ന് പുത്തൻകടപ്പുറത്ത് നടക്കുന്ന ചടങ്ങിൽ എൻ. കെ.അക്ബർ എം.എൽ.എ അധ്യക്ഷത വഹിക്കും. ടി.എൻ പ്രതാപൻ എം പി മുഖ്യാതിഥിയാകും.

ചാവക്കാട് നഗരസഭ പ്രദേശത്ത് എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃത് 2.0 ഉൾപ്പെടുത്തി സമ്പൂർണ്ണ കുടിവെള്ള പദ്ധതി പദ്ധതി നടപ്പിലാക്കുന്നത്. യു.ഐ.ഡി.എസ്.എസ്.എം.ടി പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭക്ക് ആവശ്യമായ കുടിവെള്ളം കരുവന്നൂരില് നിന്നും ലഭ്യമാക്കിയിട്ടുള്ളതാണ്. തുടർച്ചയായി നഗരസഭയിലെ 5000 ത്തോളം കുടുംബങ്ങൾക്ക് വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് 12.07 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

Astrologer

ഈ പ്രവർത്തി ചാവക്കാട് നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കേരള വാട്ടർ അതോറിറ്റി ആണ് നടപ്പിലാക്കുന്നത്. അയ്യായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതോടൊപ്പം അതിനായി പൊളിക്കുന്ന റോഡുകളുടെ പുനഃസ്ഥാപന പ്രവർത്തികളും ഇതിൽ ഉൾപ്പെടുന്നു. കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി നഗരസഭ ഒരു കോടി അൻപത് ലക്ഷത്തി എൺപത്തിനായിരത്തി അഞ്ഞൂറ് രൂപ ഇതിനായി നീക്കി വച്ചിട്ടുണ്ട്.

ഈ പദ്ധതി നടപ്പിലാക്കുന്നതോടുകൂടി തീരദേശ പ്രദേശമായ ചാവക്കാട് നഗരസഭയിലെ എല്ലാ കുടുംബങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിന് സാധിക്കുന്നതാണ്. വൈസ് ചെയർമാൻ കെ കെ മുബാറക്ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. എ. വി. മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, ഷാഹിന സലീം, ബുഷ്റ ലത്തീഫ്, കൗൺസിലർ എം. ആർ. രാധാകൃഷ്ണൻ, മുനിസിപ്പൽ എൻജിനീയർ പി. പി.റിഷ്മ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു..

Vadasheri Footer