സമ്പൂര്‍ണ പാര്‍പ്പിടവും കൃഷി വികസനവും ലക്ഷ്യമിട്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂര്‍ണ പാര്‍പ്പിട ബ്ലോക്കാക്കി മാറ്റുക, കൃഷിഭൂമി പൂര്‍ണമായി ഉപയുക്തമാക്കി പരമാവധി വിളവെടുപ്പ് സാധ്യമാക്കുന്ന സമഗ്ര കൃഷി വികസനവും ബജറ്റ് ലക്ഷ്യമിടുന്നു. ആകെ 25.23 കോടി രൂപ വരവും 25.19 കോടി രൂപ ചെലവും 26.42 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി അവതരിപ്പിച്ചത്.

വികസനഫണ്ട് ഇനത്തില്‍ 2.30 കോടി രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി നീക്കിയിട്ടുണ്ട്. ഉല്‍പ്പാദന മേഖലയില്‍ 55.31 ലക്ഷം, സേവനമേഖലയില്‍ 62.18 ലക്ഷം, പശ്ചാത്തലമേഖലയില്‍ 29.88 ലക്ഷം രൂപയും വകയിരുത്തി. പട്ടികജാതിക്കാര്‍ക്കുള്ള പ്രത്യേക ഘടകപദ്ധതി പ്രകാരം ബജറ്റില്‍ 80.46 ലക്ഷം രൂപ ബ്ലോക്ക് വിഹിതമായി വകയിരുത്തി.മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ 39.60 ലക്ഷവും വകയിരുത്തി.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിയില്‍ 4344 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിലൂടെ 1510 കുടുംബങ്ങള്‍ക്ക് 100 ദിവസത്തെ തൊഴില്‍ദിനം ഉറപ്പാക്കും. ബജറ്റ് വര്‍ഷത്തില്‍ പി.എം.എ.വൈ. പദ്ധതിപ്രകാരം 100 വീടുകള്‍ നിര്‍മിച്ചുനല്‍കാനും ലക്ഷ്യമിടുന്നു.ഇതിനായി കേന്ദ്രവിഹിതം, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഫണ്ട് എന്നിവയുള്‍പ്പെടെ നാല് കോടി വകയിരുത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസത്തുല്‍ മിസ്‌രിയ്യ ബജറ്റ് അവതരണയോഗത്തില്‍ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ ഫാത്തിമ ലീനസ്, കെ.ആഷിദ, ഖമറുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് വികസന ഓഫീസര്‍ ജി.വരുണ്‍ എന്നിവര്‍ പങ്കെടുത്തു