കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം

">

തൃശൂർ : കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സമയബന്ധിതമായും ഗുണമേന്മ ഉറപ്പുവരുത്തിയും പൂർത്തിയാക്കണമെന്ന് തൃശൂർ എം.പി. ടി.എൻ. പ്രതാപൻ അധ്യക്ഷനായ ദിശ യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡവലപ്പ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ദിശയുടെ 2019-2020 സാമ്പത്തിക വർഷത്തിലെ ആദ്യ യോഗത്തിലാണ് നിർദേശം.

തൃശൂർ രാമനിലയത്തിൽ നടന്ന യോഗത്തിൽ ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്‌റ് മേരി തോമസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവർ സന്നിഹിതരായിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പിലാക്കുന്നതിലെ തടസങ്ങൾ ഉദ്യോഗസ്ഥർ അതതു സമയങ്ങളിൽ തന്നെ അറിയിക്കണമെന്നും ഇതുവഴി കാലതാമസം നേരിടാതെ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാമെന്നും ടി.എൻ. പ്രതാപൻ എം.പി. യോഗത്തിൽ പറഞ്ഞു. പിഎംജിഎസ്‌വൈ പദ്ധതിയിൽ ജില്ലയിലെ പരമാവധി ഗ്രാമീണ റോഡുകളുടെ നിർമ്മാണവും ടാറിങ്ങും ഉൾപ്പെടുത്തും. ഇതിനായി 500 കിലോമീറ്റർ റോഡ് നിർമ്മാണത്തിനുള്ള ആവശ്യം കേന്ദ്രസർക്കാരിന് മുന്നിൽ വയ്ക്കാൻ തീരുമാനമായി. ഈ സാമ്പത്തിക വർഷത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട് റോഡുകൾ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെടുള്ള ജിയോ ടാഗിങ്ങ് ഉടൻ പൂർത്തിയാക്കാനും യോഗം നിർദേശിച്ചു. പ്രധാൻമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി ഗ്രാമീണ മേഖലയിൽ വീടുകൾ നിർമ്മിച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 19240 വീടുകളുടെ നിർമ്മാണം സംബന്ധിച്ച പ്രോപ്പോസൽ സമർപ്പിച്ചിട്ടും ഇതുവരെ അംഗീകാരം ലഭിക്കാത്ത വിഷയത്തിൽ എം.പി. ഇടപെടുമെന്നും യോഗത്തിൽ വ്യക്തമാക്കി. എസ്എസ്എ പദ്ധതിക്ക് ആവശ്യമായ വിഹിതം ലഭ്യമാകുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഇക്കാര്യത്തിൽ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ എസ്എസ്എക്ക് നിർദേശം നൽകി. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാനും യോഗം തീരുമാനിച്ചു. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഈ സാമ്പത്തിക വർഷം ഇതുവരെ എറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെട്ടത് പുഴയ്ക്കലിലും പദ്ധതി വിഹിതം ചെലവാക്കിയത് പഴയന്നൂർ ബ്ലോക്കിലുമാണ്. തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിൽ പിന്നിൽ നിൽക്കുന്ന വെള്ളാങ്കല്ലൂർ, പൊയ്യ, പടിയൂർ ഗ്രാമപഞ്ചായത്തുകൾ ഇത് വർദ്ധിപ്പിക്കുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം വ്യക്തമാക്കി. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ഒരു മുള നേഴ്‌സറി എന്ന ലക്ഷ്യത്തിൻെ്‌റ ഭാഗമായി ഇവ ആരംഭിക്കുന്നതിന് സ്ഥലം കണ്ടെത്താൻ യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്രളയം മൂലം ജില്ലയിലെ ജലസ്രോതസുകളിൽ വന്നടിഞ്ഞ കുളവാഴകളും ചണ്ടിയും ഉൾപ്പടെയുള്ളവ നീക്കംചെയ്യുന്ന പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ അംഗീകാരം നേടിയെടുക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതി വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരിസ്ഥിതി സൗഹൃദ തൃശൂർ എന്ന ലക്ഷ്യത്തോടെ ‘മൈ തൃശൂർ, ഗ്രീൻ തൃശൂർ’ ക്യാമ്പയിൻ ജില്ല മുഴുവൻ നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിൻെ്‌റ ഭാഗമായി ജില്ലയിലെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും ഹരിത അയൽക്കൂട്ടങ്ങളാക്കി മാറ്റും. കുടുംബശ്രീ മിഷൻെ്‌റ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തീരശ്രീ സർവേയിൽ ജില്ലയിലെ മുഴുവൻ തീരപ്രദേശങ്ങളെയും ഉൾപ്പെടുത്താൻ യോഗം ആവശ്യപ്പെട്ടു. കുടുംബശ്രീയുടെ നേതൃത്വത്തിൽ മെഡിക്കൽ ഷോപ്പ് ആരംഭിക്കുന്നതിനുള്ള ശുപാർശ തയ്യാറാക്കാനും യോഗം നിർദേശിച്ചു. അമൃത് പദ്ധതിയിൽ ലഭിച്ച 63 കോടി 20 ലക്ഷം രൂപയിൽ പദ്ധതി നിർവഹണം 100 ശതമാനമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ഗുരുവായൂരിൽ നടപ്പിലാക്കുന്ന പ്രസാദം പദ്ധതിയുടെ ഭാഗമായുള്ള സിസിടിവി സ്ഥാപിക്കൽ പൂർത്തിയായി. മൾട്ടിലെവൽ കാർ പാർക്കിംഗ് സൗകര്യമൊരുക്കൽ പുരോഗമിക്കുകയാണ്. ആർദ്രം മിഷൻെ്‌റ ഭാഗമായി 48 പിഎച്ച്‌സികൾ നവീകരിക്കുകയാണെന്നും 30 എണ്ണത്തിൻെ്‌റ പണി ആരംഭിച്ചുവെന്നും ആരോഗ്യകേരളം പ്രോഗ്രാം ഓഫീസർ അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഒറ്റകുടക്കീഴിൽ കൊണ്ടുവരുന്ന ‘ അംഗീകാർ’ ഒക്‌ടോബർ രണ്ടിന് തുടക്കമാകും. ദിശയുടെ ഭാഗമായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയുള്ള വിപുലമായ യോഗം ഈ മാസം 28 ന് രാവിലെ 10 ന് ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ ചേരാനും യോഗത്തിൽ തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു അംഗങ്ങൾ, കോർപ്പറേഷൻ/മുൻസിപ്പൽ സെക്രട്ടറിമാർ, ജില്ല/ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ ജില്ലാതല നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Sponsors