ഹെല്‍മറ്റ് ധരിക്കാഞ്ഞതിന് കാര്‍ യാത്രികന് പിഴ
കൊല്ലം : ഹെല്‍മറ്റ് ധരിക്കാഞ്ഞതിന് കാര്‍ യാത്രികനെ കൊണ്ട് പിഴയടപ്പിച്ച് പൊലീസ്. കൊല്ലം ശാസ്താംകോട്ടയില്‍ വെച്ച് ഗോപ കുമാര്‍ എന്ന നെക്‌സോണ്‍ ഉടമയ്ക്കാണ് ഈ വിചിത്രാനുഭവം നേരിട്ടത്. ഹെല്‍മറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് പിഴയടച്ച സംഭവം ഗോപ കുമാര്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഓടിച്ചിരുന്ന വാഹനത്തിന്റെയും ഹെല്‍മറ്റില്ലാത്തതിന് നൂറു രൂപ പിഴയടച്ച രസീതിന്റെയും ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിനൊപ്പം ഇദ്ദേഹം ചേര്‍ത്തിട്ടുണ്ട്.
ഇന്ന് രാവിലെ നടന്ന സംഭവം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഒരുപക്ഷെ രസീത് എഴുതുന്നതിനിടെ പൊലീസുദ്യോഗസ്ഥന് സംഭവിച്ച കൈപ്പിഴവാകാം ഇത്തരമൊരു അബദ്ധത്തില്‍ കലാശിച്ചത്. കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെ ചവറ – ശാസ്താംകോട്ട പാതയില്‍ പരിശോധനയ്ക്കായി കാര്‍ നിര്‍ത്താന്‍ ഗോപ കുമാറിനോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
ഇതേസമയം, വാഹനം നിര്‍ത്തിക്കാനുള്ള കാരണം ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്തായാലും പരിശോധനയ്‌ക്കൊടുവില്‍ നൂറു രൂപ പിഴയൊടുക്കണമെന്ന് പൊലീസ് ഗോപ കുമാറിനോട് ആവശ്യപ്പെട്ടു. പിഴയൊടുക്കി രസീത് വാങ്ങിയ ശേഷമാണ് താന്‍ നടത്തിയ നിയമലംഘനം ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.