
സി. വി. പത്മരാജൻ അന്തരിച്ചു.

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി. വി പത്മരാജന്‍ (93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.1983 മുതല്‍ 1987 വരെ കെപിസിസി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുണാകരന്‍, എ.കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു.വൈദ്യുതി, ധനകാര്യം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. ഫിഷറീസ്, കയര്‍ വികസനം, സാമൂഹ്യ ക്ഷേമം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു.

മന്ത്രിയായിരിക്കെ സ്ഥാനം രാജിവെച്ചാണ് കെപിസിസി അദ്ധ്യക്ഷന്റെ പദവി ഏറ്റെടുത്തത്.ചികിത്സാ ആവശ്യങ്ങള്‍ക്കായി അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ വിദേശത്തായിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചിരുന്നു. ആറ് തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള അദ്ദേഹം രണ്ട് തവണ ചാത്തന്നൂരില്‍ നിന്ന് വിജയിച്ചു. 1982, 1991ലും ആയിരുന്നു വിജയിച്ചത്. ഈ രണ്ട് തവണയും അദ്ദേഹം ചാത്തന്നൂര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്.
അദ്ധ്യാപകന്‍ അഭിഭാഷകന്‍ എന്നീ ജോലികളും അദ്ദേഹം ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെയാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. കൊല്ലത്തെ പാര്‍ട്ടിയുടെ ഡിസിസി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

1991ല്‍ വൈദ്യുതി, കയര്‍ വകുപ്പുകളുടെയും പിന്നീട് ധനകാര്യവകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയായി. 1994-ലെ എ.കെ.ആന്റണി മന്ത്രിസഭയില്‍ ധനം, കയര്‍, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. കൊല്ലം ജില്ലയിലെ പരവൂരില്‍ കെ.വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ജൂലായ് 22 ന് ജനിച്ചു. അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നു.
1968 മുതല്‍ കൊല്ലം സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റ്, പരവൂര്‍ എസ്.എന്‍.വി. സമാജം ട്രഷറര്‍, എസ്.എന്‍.വി. സ്‌കൂള്‍ മാനേജര്‍, എസ്.എന്‍.വി. ബാങ്ക് ട്രഷറര്‍, കൊല്ലം ക്ഷീരോത്പാദക സഹകരണസംഘം ഡയറക്ടര്‍, ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ്, സഹകരണ സ്പിന്നിങ് മില്‍ സ്ഥാപക ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം എന്നീ പദവികൾ വഹിച്ചു.