ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ : പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ശനിയാഴ്ച വൈകുന്നേരം നാലരയോടെ ശ്രീവൽസം ഗസ്റ്റ്ഹൗസിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ദേവസ്വം ജീവനക്കാർഎന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ശ്രീ ഗുരുവായൂരപ്പ ദർശനത്തിനായി ക്ഷേത്രത്തിലെത്തി. കൊടിമര ചുവട്ടിൽ നിന്ന് ശ്രീ ഗുരുവായൂരപ്പനെ തൊഴുത ശേഷം സോപാനത്തിലെത്തി ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഭഗവാനെ കൺനിറയെ തൊഴുതു. കാണിക്കയുമർപ്പിച്ചു. ഭഗവാൻ്റെ പ്രസാദ കിറ്റ് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ദേഹത്തിന് നൽകി. ഉപഹാരമായി ദേവസ്വം ഡയറിയും സമ്മാനിച്ചു. ദർശനത്തിന് ശേഷം തന്ത്രിമഠത്തിലെത്തി ക്ഷേത്രം തന്ത്രി . പി.സി.ദിനേശൻ നമ്പൂതിരിപ്പാടിനെ സന്ദർശിച്ച ശേഷമാണ് ഗവർണർ മടങ്ങിയത്.