സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍, സർക്കാർ മുട്ടുമടക്കിയെന്ന് വി.ഡി. സതീശൻ
കൊച്ചി: നിയമ വിദ്യാര്‍ഥിനി മൊഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മൊഫിയയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി. സിഐക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി മൊഫിയയുടെ പിതാവ് പറഞ്ഞിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഡിജിപിയാണ് സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവിറക്കിയത്.
സുധീറിന്റെ നടപടികളില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി.കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല ചുമതല ഒഴിഞ്ഞ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ സി.എല്‍. സുധീറിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിവരുന്ന സമരം മൂന്നാം ദിവസം തുടരുന്നതിനിടെയാണ് നടപടി. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തിലാണ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസിന്റെ ഉപരോധം.
സി.ഐ സുധീറിന്റെ സസ്പെൻഷൻ കോൺഗ്രസ് സമരത്തിന്‍റെ വിജയമാണെന്നും സർക്കാർ മുട്ടുമടക്കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീ സുരക്ഷക്ക് വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട് പ്രതിപക്ഷം തുടരും.ആലുവയിൽ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ സമരമാണ് സർക്കാറിനെ കൊണ്ട് തെറ്റ് തിരുത്തിച്ചത്. നിരവധി കേസുകളിൽ ആരോപണ വിധേയനായ സി.ഐയെ സംരക്ഷിച്ചത് സി.പി.എം നേതാക്കളാണ്. പൊലീസ് സ്റ്റേഷനുകളിൽ പാർട്ടിയാണ് ഭരണം.പഴയ കാല സെൽ ഭരണത്തിലേക്ക് കേരളത്തെ തിരിച്ച് കൊണ്ടുപോകാൻ പ്രതിപക്ഷം അനുവദിക്കില്ല. പൊലീസ് സ്റ്റേഷനുകളിൽ ഒരു സ്ത്രീ പോലും അപമാനിക്കപ്പെടില്ല എന്ന് സർക്കാർ ഉറപ്പ് വരുത്തണം. ആലുവ സമരം സർക്കാറിനുള്ള താക്കീതാണ് -വി.ഡി. സതീശൻ പറഞ്ഞു.
സി.ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകും ജില്ല കോൺഗ്രസ് കമ്മിറ്റി റൂറൽ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് കഴിഞ്ഞദിവസം നടത്തിയ മാർച്ചിൽ നേതാക്കളടക്കം പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. സമരക്കാർക്കുനേരെ പൊലീസ് രണ്ടുവട്ടം ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.ടൗൺഹാൾ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് മുനിസിപ്പൽ ഗ്രൗണ്ടിന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. പ്രവർത്തകർ ഇത് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.
ഹൈബി ഈഡൻ എം.പി, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് എന്നിവർ ഉൾപ്പെടെ നിരവധിപേർ ജലപീരങ്കിയേറ്റിട്ടും പിന്മാറിയില്ല. പിന്നീട് നേതാക്കൾക്ക് പ്രവർത്തകർ വലയം തീർത്തു. 15 മിനിറ്റിലേറെ നീണ്ട ജലപീരങ്കിക്കുശേഷം നടന്ന യോഗം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനം കഴിഞ്ഞതോടെ പൊലീസിനുനേരെ കല്ലേറുണ്ടായി. ഇതേതുടർന്ന് പൊലീസ് വീണ്ടും ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. നീറിനിന്ന ഒരു കണ്ണീർവാതക ഷെൽ സമരക്കാരിലൊരാൾ പൊലീസിനുനേരെ തിരികെയെറിഞ്ഞത് പൊലീസിനെയും വലച്ചു. കണ്ണീർവാതക പ്രയോഗത്തോടെ പ്രവർത്തകരെല്ലാം നാലുപാടും ചിതറിയോടി. പരിക്കേറ്റ കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ലം, ചെങ്ങമനാട് പഞ്ചായത്ത് അംഗം നൗഷാദ് പാറപ്പുറം, ഹസൻ അരീഫ്ഖാൻ, റിസ്വാൻ എന്നിവരെ സ്വകാര്യ ആശുപത്രിയിലും ഷിജു തോട്ടപ്പിള്ളി, കെ.എച്ച്. കബീർ എന്നിവരെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. 10 മിനിറ്റിനുശേഷം തിരികെയെത്തിയ സമരക്കാർ വീണ്ടും റോഡിൽ കുത്തിയിരുന്നു.
. കല്ലേറിലടക്കം രണ്ട് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ എട്ടോളം പൊലീസുകാർക്കും പരിക്കേറ്റു. ആലുവ സീനത്ത് കവല മുതൽ പൊലീസ് സ്‌റ്റേഷൻ വരെ രണ്ടുമണിക്കൂറോളം സംഘർഷാവസ്ഥ നിലനിന്നു. സി.ഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പ്രഖ്യാപിച്ചിരുന്നു. സി.ഐയെ സസ്പെൻഡ് ചെയ്തതോടെ കോൺഗ്രസ് സമരം അവസാനിപ്പിച്ചു