Madhavam header
Above Pot

ദേശീയപാത ആമ്പല്ലൂരിൽ ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം.

തൃശ്ശൂര്‍: ദേശീയപാതയില്‍ ആമ്പല്ലൂര്‍ സിഗ്നല്‍ ജംക്ഷനില്‍ ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രക്കാരായ അഞ്ച് പേര്‍ക്ക് നിസാര പരിക്കേറ്റു. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ചൊവ്വാഴ്ച പുലര്‍ച്ചെ 5.10 നായിരുന്നു അപകടം. കാസര്‍കോടുനിന്ന് മൂന്നാറിലേക്ക് വിനോദയാത്രക്കുപോയ ബസും മൂര്‍ക്കനാട് നിന്ന് തൊടുപുഴയിലേക്ക് പോയ കാറുമാണ് അപകടത്തില്‍പ്പെട്ടത്. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിറകില്‍ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു.
വേഗത്തില്‍വന്ന ബസ് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്ന് പറയുന്നു. കാറിന്റെ പിന്‍സീറ്റില്‍ യാത്രക്കാരില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. പുതുക്കാട് പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി.
ആമ്പല്ലൂര്‍ സിഗ്നലില്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ആമ്പല്ലൂരിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് തകര്‍ന്നിരുന്നു. അത് പുനഃസ്ഥാപിച്ചിട്ടില്ല. തൊട്ടടുത്ത റോഡില്‍ സിഗ്നല്‍ പോസ്റ്റ് ഉപേക്ഷിച്ച നിലയിലാണ്. സിഗ്നല്‍ പ്രവര്‍ത്തിക്കാത്തതുമൂലം ചാലക്കുടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ശരിയായി സിഗ്നല്‍ കാണാനാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

Vadasheri Footer