തത്വകലശാഭിഷേകം കഴിഞ്ഞു, ബ്രഹ്മകലശാഭിഷേകം നാളെ ,ആനയോട്ടം ബുധനാഴ്ച
ഗുരുവായൂര്‍ : ഗുരുവായൂര്‍ ഉ ത്സവത്തോടനുബന്ധിച്ച് നടക്കുന്ന കലശചടങ്ങുകളില്‍ അതിപ്രധാനമായ തത്വകലശാഭിഷേകം രാവിലെ നടന്നു. ശ്രീകോവിവിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ രാവിലെ 6 ന് തന്ത്രി തത്വകലശ ഹോമം നടത്തി. പ്രകൃതിയില്‍ നിന്നും 24 തത്വങ്ങളെ ആവാഹിച്ചെടുത്ത് നാഢീ സന്താന പൂജ ചെയ്തശേഷം തത്വഹോമത്തിന്റെ സമ്പാദം, വലിയ പാണിയുടെ അകമ്പടിയോടേയാണ് കലശപൂജചെയ്ത് ക്ഷേത്രം തന്ത്രി സതീശന്‍ നമ്പൂതിരിപ്പാട് ഭഗവാന് അഭിഷേകം ചെയ്തത്.
ചൊവാഴ്ച ഭഗവാന് ബ്രഹ്മകലശാഭിഷേകം നടക്കും. കലശമണ്ഡപമായ കൂത്തമ്പലത്തില്‍ ആയിരം കുംഭങ്ങളില്‍ ശ്രേഷ്ട ദ്രവ്യങ്ങള്‍ നിറച്ച് പൂജനടത്തി ചൈതന്യവത്താക്കിയ കലശങ്ങള്‍ കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീലകത്തെത്തിച്ചാണ് ബ്രഹ്മകലശാഭിഷേകം നടക്കുക.
മൂന്നുമണിക്കൂറോളം ചടങ്ങ് നീണ്ടുനില്‍ക്കും. തുടര്‍ന്ന് പത്തേമുക്കാലോടെ വെഞ്ചാമരം, മുത്തുകുട, ആലവട്ടം, നാദസ്വരമടക്കമുള്ള വാദ്യങ്ങളുടെ അകമ്പടിയില്‍ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ഭഗവാന് അഭിഷേകം ചെയ്യും. ക്ഷേത്രത്തില്‍ ബുധനാഴ്ച രാവിലെ ആനയില്ലാ ശീവേലിയും, ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആനയോട്ടവും നടക്കും. കുംഭമാസത്തിലെ പൂയ്യം നാളിൽ (ബുധനാഴ്ച ) രാത്രി 8 നും, 12 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍, ഭഗവാന്റെ സ്വര്‍ണ്ണകൊടിമരത്തില്‍ ക്ഷേത്രം തന്ത്രി സപ്തവര്‍ണ്ണ കൊടി ഉയര്‍ത്തും. അതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കമാകും.