Madhavam header
Above Pot

പാല ബിഷപ്പിനെതിരെ കേസെടുക്കാന്‍ ആലോചനയില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് പാല ബിഷപ്പിന്റെ പ്രസ്താവനയില്‍ കേസെടുക്കാന്‍ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പിന്റെ വിശദീകരണങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രകോപനപമരായി പോകാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

‘ജിഹാദ്’ എന്ന പദം മനഃപൂര്‍വ്വം ഒഴിവാക്കിയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. നാര്‍കോട്ടിക് മാഫിയ ലോകത്തെമ്ബാടുമുണ്ട്. അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. എന്നാല്‍ അത്തരമൊരു പ്രസ്താവന നടത്തുമ്ബോള്‍ മത ചിഹ്നങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മതവുമായി ബന്ധപ്പെട്ട പ്രയോഗങ്ങള്‍ അപ്രസക്തമാണെന്ന അടിവരയിടുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Astrologer

വിഷയത്തില്‍ ഇരു കൂട്ടരെയും സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ വിളിച്ചുവരുത്തി സര്‍വ്വകക്ഷി യോഗം നടത്തണമെന്ന് പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിദ്വേഷ പ്രചാരണം നടത്തിയാല്‍ ചര്‍ച്ചയുണ്ടാവില്ല കര്‍ശന നടപടിയാണ് സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമുദായത്തിന്റെ ഉന്നമനത്തിനായി അവര്‍ ശ്രമിക്കും. അവര്‍ അവരോട് തന്നെ സംസാരിക്കും, അതില്‍ തെറ്റില്ല. ഇവിടെ സമുദായത്തോട് അവര്‍ സ്വന്തം കാര്യങ്ങള്‍ പറയുമ്ബോള്‍ മറ്റു സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന നിലയുണ്ടാവരുത്. അത് മാത്രമാണ് ഇവിടെ വിവാദ വിഷയം.

ചില സര്‍ക്കാരുകളേക്കാള്‍ ശക്തമാണ് നാര്‍കോട്ടിക് മാഫിയ. ആഭിചാരം വഴി സ്ത്രീകളെ വശീകരിക്കുന്നതൊക്കെ നാടുവാഴികളുടെ കാലത്തെ കാര്യമാണ്. ശാസ്ത്ര യുഗത്തില്‍ വശീകരിക്കുകയെന്നൊക്കെ പറയുന്നതില്‍ കഴമ്ബില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തില്‍ യോജിപ്പ് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്കിനോടും മുഖ്യമന്ത്രി പ്രതികരിച്ചു. കോണ്‍ഗ്രസ് തകരുന്ന കൂടാരമാണെന്നും തകര്‍ച്ചയുടെ ഭാഗമായി നില്‍ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസിലുള്ളവര്‍ ചിന്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതാണ് ഇപ്പോഴത്തെ പ്രത്യേക രീതിക്കിടയാക്കിയത്. കോണ്‍ഗ്രസ് വിടുന്നവര്‍ ബിജെപിയിലേക്കു പോകും എന്നു കണ്ടപ്പോള്‍ അവരെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടിരുന്നു.

എന്നാല്‍, ബിജെപി സ്വീകരിക്കുന്ന തെറ്റായ നയത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകുന്നില്ലെന്ന് അണികള്‍ തിരിച്ചറിഞ്ഞതാണ് ഇപ്പോള്‍ വന്ന ഗുണകരമായ മാറ്റം. പ്രധാന നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്കു വരുന്നത് ആരോഗ്യകരമായ പ്രവണതയാണെന്നും അത് ഇനിയും ശക്തിപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ…

സംസ്ഥാന സര്‍ക്കാരിന് പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ കേസ് എടുക്കാന്‍ ആലോചനയില്ല. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത നിലനിര്‍ത്താനുള്ള ശ്രമമാണ് എല്ലാവരുടേയും ഭാഗത്ത് നിന്നുണ്ടാവേണ്ടത്. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കാനുള്ള ശ്രമമാണ് വേണ്ടത്. നമ്മുടെ നാടിന്റെ മതനിരപേക്ഷതയും അതിന്റെ ഭാഗമായുള്ള പ്രത്യേകത നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവരാണ് ന്യൂനപക്ഷ/ഭൂരിപക്ഷ വിഭാഗത്തിലെ മഹാഭൂരിപക്ഷം പേരും. അതിന് ഉതകുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്. അതിന് വിരുദ്ധമായ രീതിയല്‍ സമൂഹത്തെ മാറ്റാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ല.

സമൂഹത്തില്‍ നല്ല യോജിപ്പുണ്ടാക്കുക എന്നതാണ് പ്രധാനം. മാഫിയയെ മാഫിയായി കാണണം അതിന് മതചിഹ്നം നല്‍കേണ്ട ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് ആദരണീയനായ പാലാ ബിഷപ്പിന് വേണ്ടിയുള്ള വിശദീകരണങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രകോപനപമരായി പോകാതെ സൂക്ഷിക്കുക എന്നത് പ്രധാനമാണ്.

ആഭിചാര പ്രവൃത്തിയിലൂടെ വശീകരിക്കാനാവും എന്നൊക്കെ പറയുന്നത് പഴയ നാടുവാഴി കാലത്തുള്ള സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ നീക്കങ്ങള്‍ അന്നുണ്ടായിരുന്നു. അതൊന്നും ഈ ശാസ്ത്രയുഗത്തില്‍ ചെലവാക്കില്ല. ഇങ്ങനെയൊരു പൊതുസാഹചര്യം നിലനില്‍ക്കുമ്ബോള്‍ ഇതിനെ തെറ്റായ നിലയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികളുണ്ട്.

ഈ സമൂഹത്തില്‍ വര്‍ഗീയ ചിന്തയോടെ നീങ്ങുന്ന വന്‍കിട ശക്തികള്‍ ദുര്‍ബലമായി വരികയാണ്. അവര്‍ക്ക് ആരെയെങ്കിലും ചാരാന്‍ ഒരല്‍പം ഇടകിട്ടുമോ എന്ന് നോക്കി നടക്കുകയാണ്. അതെല്ലാവരും മനസ്സിലാക്കാണം എന്ന് മാത്രമേ ഇപ്പോള്‍ എനിക്ക് പറയാനുള്ളൂ. ഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തിയുള്ള ചര്‍ച്ചയുടെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കും.

മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവരെ കര്‍ശനമായി നേരിടും. ഒരു സമുദായം എന്ന നിലയ്ക്ക് ആ സമുദായത്തിലെ മുഴുവന്‍ അംഗങ്ങളുടെ കാര്യങ്ങള്‍ ആ സമുദായം ആലോചിക്കും. ഇതൊക്കെ സാധാരണ ഗതിയില്‍ ഒരു തെറ്റല്ല. ബന്ധപ്പെട്ട വിഭാഗങ്ങളുടെ മുന്നില്‍ ആരാണോ സംസാരിക്കുന്നത് അവര്‍ ഒരഭ്യര്‍ത്ഥന നടത്തും. സ്വന്തം സമുദായത്തെ ആരെങ്കിലും അഭിസംബോധന ചെയ്യുന്നതില്‍ ആരും തെറ്റ് കാണുന്നില്ല. എന്നാല്‍ അത്തരം സന്ദര്‍ഭത്തില്‍ ഇതരെ മതത്തെ അവഹേളിക്കുന്ന രീതി പാടില്ല.

Vadasheri Footer