ആയുര്‍വേദ പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള മദ്യവും വിപണിയിലേക്ക്
കൊച്ചി: ആയുര്‍വേദ പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള മദ്യവും വിപണിയിലേക്ക്. നെല്ലിക്ക,അശ്വഗന്ധ, തുളസി, കറ്റാര്‍വാഴ തുടങ്ങി അനേകം ആയുര്‍വേദ പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള മദ്യമാണ് വിപണിയിലേക്ക് വരുന്നത്. ബംഗളൂരുവിലെ ബയോ ലിക്കേഴ്‌സ് എന്ന കമ്ബനിയാണ് പച്ചമരുന്നുകളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചു ബ്‌ളെന്‍ഡ് ചെയ്ത് വിവിധതരം മദ്യങ്ങള്‍ ഉത്പാദിപ്പിച്ചത്. വിസ്‌കി, ബ്രാന്‍ഡി, റം, വോഡ്ക എല്ലാ ഐറ്റങ്ങളുമുണ്ട്. എല്ലാറ്റിനും നാടന്‍ പച്ചമരുന്നുകളുടെ അതേ മണവും രുചിയുമാണ്. മറ്റു മദ്യങ്ങളുടെ ദൂഷ്യഫലങ്ങളില്ലാത്ത തനതു ചേരുവകള്‍കൊണ്ടുള്ള ബയോ മദ്യം എന്നാണു കമ്ബനിയുടെ അവകാശവാദം.
ബംഗളൂരുവിലെ കമ്ബനിക്ക് പിന്നാലെ ഓലിയോ റെസിന്‍സ് (സുഗന്ധദ്രവ്യ സത്തുകള്‍) ഉത്പാദിപ്പിക്കുന്ന കേരളത്തിലെ കമ്ബനികളും ഇത്തരം സാധ്യത പരീക്ഷിക്കുകയാണ്. തുളസിയുടെയും അശ്വഗന്ധയുടെയും മറ്റും അതേ മണവും ഗുണവും രുചിയുമുള്ള സത്ത് ഉത്പാദിപ്പിച്ച് അവകൊണ്ടു മദ്യം ഉണ്ടാക്കുകയോ അവ ഉണ്ടാക്കുന്ന കമ്ബനികള്‍ക്കു സപ്‌ളൈ ചെയ്യുകയോ ആവാം. പുതിയൊരു ബിസിനസ് മേഖല തന്നെ തുറക്കുകയാണ്.
ആഭ്യന്തര വിപണി വിപുലപ്പെടുത്താന്‍ മദ്യത്തിലെ റെസിന്‍ ഉപയോഗം പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്. ആയുര്‍വേദ മരുന്നു നിര്‍മാണ രംഗത്ത് ഏറെക്കാലമായി സജീവമായ ബയോ ലിക്കേഴ്‌സ് എന്ന കമ്ബനിക്ക് ഇന്ദിരാ പ്രിയദര്‍ശിനി ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്നു ലഭിച്ചിട്ടുമുണ്ട്.
യുഎസില്‍നടന്ന സ്പിരിറ്റ് ടേസ്റ്റിങ് മത്സരത്തില്‍ സമ്മാനവും നേടി. കരളിനും ആന്തരികാവയവങ്ങള്‍ക്കും മദ്യം സാധാരണ സൃഷ്ടിക്കുന്ന രോഗപീഡകളില്‍നിന്ന് പുതിയ ഉത്പന്നങ്ങള്‍ സംരക്ഷണം നല്‍കുന്നുവെന്ന് എംഡി ശ്രീനിവാസ റായലും അവകാശപ്പെടുന്നു. ഇനി ഇതേ പച്ചമരുന്നുകള്‍ ഉപയോഗിച്ച് ബയോവൈനും ബയോ ബീയറും ബയോ ടെക്വിലയും ഉത്പാദിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്ബനി