
ബൈക്കിന് തകരാർ, വിലയും നഷ്ടവും ഹോണ്ട നൽകണം.

തൃശൂർ : ബൈക്കിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ ചെറുതുരുത്തി പുത്തൻപീടികയിൽ വീട്ടിൽ പി.കെ.അബ്ദുൾ മാലിക്ക് ഫയൽ ചെയ്ത ഹർജിയിലാണ് ഹരിയാനയിലുള്ള ഹോണ്ട മോട്ടോർ സൈക്കിൾസ് ഏൻ്റ് സ്കൂട്ടേർസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്.

അബ്ദുൾ മാലിക്ക് 81826 രൂപ നൽകി ഹോണ്ട കമ്പനിയുടെ ബൈക്ക് വാങ്ങി ഉപയോഗിച്ചു വരവെ വാഹനത്തിന് ഓയിൽ ലീക്ക് അനുഭവപ്പെടുകയായിരുന്നു.പല തവണ തകരാർ ആവർത്തിക്കപ്പെട്ടു. പരാതിപ്പെട്ടിട്ടും മതിയായ പരിഹാരം ലഭിക്കുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. എതിർകക്ഷിയുടെ പ്രവൃത്തി ഹർജിക്കാരന് വിഷമതകൾക്കിടയാക്കിയിട്ടുള്ളതാണെന്നും പരിഹരിക്കപ്പെടേണ്ടതാണെന്നും കോടതി വിലയിരുത്തി.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് വാഹനത്തിൻ്റെ വില 81,826 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും ചിലവിലേക്ക് 10,000 രൂപയും ഈ തുകകൾക്ക് ഹർജി തിയ്യതി മുതൽ 9% പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി.