
ഒടുവിൽ ഇന്ത്യ തിരിച്ചടിച്ചു, ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ ഓപ്പറേഷന്‍.

ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്ലി, മുരിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കി എന്നണ് ആക്രമണത്തെ കുറിച്ച് സമൂഹമാധ്യമത്തില്‍ സൈന്യം നടത്തിയ പ്രതികരണം.
അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യവും സ്ഥിരീകരിക്കുന്നു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യ തിരിച്ചടി നല്‍കിയത് 12 ദിവസത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ്. 8-9 ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണ പദ്ധതി രൂപപ്പെടുത്തുന്നത്. ഓപ്പറേഷനില്‍ ആക്രമിക്കേണ്ട പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകളെയും മൊഡ്യൂളുകളെയും കണ്ടെത്താനായി വീണ്ടും മൂന്നു നാലു ദിവസം കൂടി ചെലവഴിച്ചു.
ഭീകര സംഘടനകളുടെ നേതാക്കളെയും അവരുടെ രഹസ്യാന്വേഷണ ശൃംഖലകളെയും പൂര്‍ണ്ണമായ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള തന്ത്രപരമായ സമീപനമാണ് ഇന്ത്യ പുലര്‍ത്തിയിരുന്നത്. അതുവഴി ഇന്ത്യയുടെ മിന്നലാക്രമണത്തെ പ്രതിരോധിക്കാനുള്ള ഭീകരരുടെ സാധ്യത ഇല്ലാതാക്കി. അപ്രതീക്ഷിത ആക്രമണത്തിലൂടെ കൂടുതല്‍ നാശം വരുത്താനായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടത്.
ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം രാത്രി മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിരീക്ഷിച്ചിരുന്നു. . ദൗത്യം പൂര്‍ത്തിയായതിന് പിന്നാലെ പ്രധാനമന്ത്രി സേനാ മേധാവിമാരുമായി സംസാരിക്കുകയും ചെയ്തിരുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പം, കരസേനയിലെ കേണല്‍ സോഫിയ ഖുറേഷി, വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരും പങ്കെടുത്തു. സൈനിക ആക്രമണത്തിന്റെ വിശദാംശങ്ങളും, ആക്രണം നടത്തിയ ഭീകര കേന്ദ്രങ്ങളും ഇരു സൈനിക ഓഫീസര്‍മാരും വിശദീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തിന്റെ വീഡിയോയും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
പാകിസ്ഥാനിലെ ഒമ്പതു ഭീകര ക്യാംപുകളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. പാക് അതിര്‍ത്തിക്ക് 18 കിലോമീറ്റര്‍ ഉള്ളിലെ ഭീകര ക്യാംപും തകര്‍ത്തു. പാകിസ്ഥാനില്‍ 21 ഓളം ഭീകര ക്യാംപുകളാണ് ഉള്ളത്. ഒസാമ ബിന്‍ ലാദന്‍ പണം നല്‍കി നിര്‍മ്മിച്ച കേന്ദ്രവും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. മുംബൈ ഭീകരാക്രമണത്തിലെ പ്രതികളായ അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവര്‍ പരിശീലന നേടിയ മുറിഡ്‌കെയിലെ ഭീകര ക്യാംപുകള്‍ അടക്കം തകര്‍ത്തവയില്‍പ്പെടുന്നു. ബഹവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മര്‍കസ് സുബഹാന്‍ അള്ളായും ആക്രമിച്ചവയില്‍പ്പെടുന്നു.
‘കൊളാറ്ററൽ ഡാമേജ്’ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങൾ പോലും തിരഞ്ഞെടുത്തത്. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയൊന്നും ലക്ഷ്യമിട്ടിട്ടില്ല. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രകോപനം ഉണ്ടായാൽ ഇന്ത്യ തിരിച്ചടിക്കും. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യൻ സേന നടത്തിയിട്ടുണ്ടെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും വ്യക്തമാക്കി.