ഭാര്യയെയും മകനെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കിയെന്ന് പരാതി .
കൊച്ചി: ഭാര്യയെയും മകനെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കിയെന്ന പരാതിയുമായി കണ്ണൂർ സ്വദേശി. കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ളാം സെന്‍ററില്‍ ഭാര്യയെ തടഞ്ഞുവച്ചതായി കാട്ടി കണ്ണൂര്‍ ഇരട്ടി സ്വദേശി ഗില്‍ബര്‍ട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്ർജിയിൽ ഹൈക്കോടതി ഇടപെട്ടു. ഗിൽബർട്ടിന്റെ ഭാര്യയെയും മകനെയും ഒരാഴ്ചയ്ക്കകം കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം നൽകി.
കണ്ണൂര്‍ ഇരിട്ടി സ്വദേശിയും തേഞ്ഞിപ്പാലത്തിനടുത്ത് നീരോല്‍പലത്തെ ടാക്സി ഡ്രൈവറുമായ പിടി ഗില്‍ബര്‍ട്ടാണ് പരാതിക്കാരൻ. തന്‍റെ ഭാര്യയെയും 13 കാരനായ മകനെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ളാം സഭാ കേന്ദ്രത്തില്‍ തടഞ്ഞുവച്ചതായി കാട്ടിയാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ഭാര്യ ജോലി ചെയ്തിരുന്ന ബേക്കറിയുടെ ഉടമയും മറ്റൊരു ജീവനക്കാരിയും ചേര്‍ന്ന് മതംമാറാന്‍ പണവും മറ്റും വാഗ്ദാനം ചെയ്തെന്നും, പ്രദേശത്തെ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ളാം കേന്ദ്രത്തിലെത്തിച്ചതെന്നും ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇരുവരെയും ഒരാഴ്ചയ്ക്കകം ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിയോടും നിര്‍ദ്ദേശിച്ചു.
ഇക്കഴിഞ്ഞ ഒൻപതാം തീയതിയാണ് തന്‍റെ ഭാര്യയെയും മകനെയെും വീട്ടില്‍ നിന്ന് കാണാതായതെന്ന് ഗില്‍ബര്‍ട്ട് പറയുന്നു. നീരോല്‍പലത്തെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിയിരുന്ന തന്നെ ഈ വിഷയത്തില്‍ പാര്‍ട്ടിയും സഹായിച്ചില്ല. ഇക്കാര്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും ഗില്‍ബര്‍ട്ട് ആരോപിച്ചു