ഭരണഘടനാവകാശങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് മാത്രം നിഷേധിക്കപ്പെടരുത്: എസ് വൈ എസ്
കുന്നംകുളം : മുസ്ലിം സ്ത്രീകളുടെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ ഉയർത്തിക്കൊണ്ടു വരുന്ന വിദ്വേഷ രാഷ്ട്രീയക്കളിയിൽ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ വീണു പോകരുതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.എൻ സ്വാദിഖ് സഖാഫി പെരിന്താറ്റിരി ആവശ്യപ്പെട്ടു. പെരുമ്പിലാവ് നസീക്കോ പാലസിൽ നടന്ന യൂത്ത് കൗൺസിലില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ കാലങ്ങളായി നേരിടുന്ന അരക്ഷിതാവസ്ഥക്കും വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്കും അടിയന്തര പരിഹാരം കാണുകയാണ് ഇപ്പോൾ അനിവാര്യമായിട്ടുള്ളത്.
ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ചില പ്രത്യേക മതവിഭാഗത്തിലെ വ്യക്തികൾക്ക് മാത്രം നിഷേധിക്കപ്പെടുന്ന സാഹചര്യം ജനാധിപത്യത്തിന് വലിയ കോട്ടം വരുത്തുമെന്നും ഭരണകൂടവും ജുഡീഷ്യറിയും ഇതിൻ്റെ ഭവിഷ്യത്ത് മുൻകൂട്ടി തിരിച്ചറിയണമെന്നും കൗൺസിലിൽ അദ്ദേഹം കൂട്ടിചേര്‍ത്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജന:സെക്രട്ടറി അഡ്വ. പി.യു അലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. എന്‍.വി അബ്ദുൽ റസാഖ് അസ്ഹരി അധ്യക്ഷനായിരുന്നു