
ഭാഗ്യ നിധി നിക്ഷേപം തിരികെ നൽകിയില്ല, നടത്തറ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി

തൃശൂർ : ഭാഗ്യനിധി സ്കീം പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂലവിധി. നടത്തറ സ്വദേശിനിയായ ചീരക്കുഴി വീട്ടിലെ മീനു സേവ്യർ, അമ്മ ബീന.എം.ഡി.എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നടത്തറ ഫാർമേർസ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിക്കെതിരെ ഇപ്രകാരം വിധിയായത്.

ഭാഗ്യനിധി ഡെപ്പോസിറ്റ് സ്കീമിലാണ് 8,000/- രൂപ കൈപ്പറ്റി, എതിർകക്ഷി സ്ഥാപനം ഹർജിക്കാരെ ചേർത്തുകയുണ്ടായതു്. ബീന.എം.ഡി., മീനു സേവ്യറിൻ്റെ നോമിനിയാകുന്നു .കാലാവധി കഴിയുമ്പോൾ 1,28,000/- രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം.എന്നാൽ അപ്രകാരം സംഖ്യ നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

സർക്കാരിൽ നിന്ന് അനുമതി ലഭിക്കാതെ സ്കീം തുടങ്ങിയ നടപടിയും വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്ന നടപടിയും അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയും ആണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി സ്കീം പ്രകാരം 1,28,000/- രൂപയും നഷ്ടവും ചിലവുമായി 10,000/- രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.