
ഭഗവാൻ രുദ്ര തീർത്ഥത്തിൽ ആറാടി , ഉത്സവം കൊടിയിറങ്ങി

ഗുരുവായൂര്‍ : പത്തു ദിവസം നീണ്ടു നിന്ന ഗുരുവായൂർ ഉത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി .. സന്ധ്യയ്ക്ക് കൊടിമരതറയ്ക്കരികിലെ പഴുക്കാമണ്ഡപത്തിലിരുന്ന ശ്രീഗുരുവായൂരപ്പന്, ശാന്തിയേറ്റ കീഴ്ശാന്തി മേച്ചേരി ശ്രീകാന്ത് നമ്പൂതിരി ദീപാരാധന നടത്തി. ദീപാരാധനയ്ക്കുശേഷം കൊമ്പന്‍ നന്ദന്‍, പഞ്ചലോഹതിടമ്പേറ്റിയ സ്വര്‍ണ്ണക്കോലം ശിരസ്സിലേയ്‌ക്കേറ്റുവാങ്ങി. ശങ്കരനാരായണനും ചെന്താമരാക്ഷനും വലത് ഇടത് പറ്റാനകളും രവികൃഷ്ണനും ബാലുവും കൂട്ടാനുകളു മായി അണിനിരന്നു .

എഴുന്നള്ളിപ്പിന് പഞ്ചവാദ്യം അകമ്പടി സേവിച്ചു . ചോറ്റാനിക്കര വിജയൻ , പരക്കാട് തങ്കപ്പൻ മാരാർ ,കോങ്ങാട് മധു തുടങ്ങയവർ തിമിലയിലും ,ചെർപ്പുളശേരി ശിവൻ ,കലാമണ്ഡലം കുട്ടി നാരായണൻ നെല്ല് വായ് ശശി തുടങ്ങിയവർ മദ്ദളത്തിലും, മച്ചാട് ഉണ്ണിനായർ മച്ചാട് മണികണ്ഠൻ ,മച്ചാട് കണ്ണൻ തുടങ്ങിയവർ കൊമ്പിലും ചേലക്കര സൂര്യൻ , പേരാമംഗലം ബാലൻ തുടങ്ങിയവർ താളത്തിലും പല്ലശ്ശന സുധാകരൻ തിരുവില്വാമല ഹരി തുടങ്ങിയവർ ശംഖിൽ ഗുരുവായൂർ കൃഷ്ണ കുമാറും അണിനിരന്നു .

വേഷധാരികളായ കൃഷ്ണനാട്ടം കളിയിലെ കലാകാരന്മാരും ഗ്രാമപ്രദക്ഷിണത്തിന് അകമ്പടിയായി. തഴ, സൂര്യമറ, വീരാണം തുടങ്ങി വിശേഷ വാദ്യങ്ങളോടേയാണ് രാജകീയ പ്രൗഢിയില്‍ ഭഗവാന്‍ പ്രജകളെ കാണാന്‍ ഗ്രാമ വീഥിലയിലേക്കിറങ്ങിയത് . എഴുന്നള്ളിപ്പ് വടക്കേ ക്ഷേത്ര കുളത്തിനു സമീപം എത്തിയപ്പോൾ പഞ്ച വാദ്യം അവസാനിച്ചു പെരുവനംകുട്ട ൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടി മേളം ആരംഭിച്ചു .
നാല് കാലം കൊട്ടികഴിഞ്ഞു കരിങ്കല്‍ അത്താണിക്കടുത്തു എത്തിയപ്പോൾ പാണ്ടിമേളവും നിലച്ചു . ഒരു നിമിഷത്തേക്ക് ആഘോഷമെല്ലാം മൗനത്തിലേക്ക് തുടർന്ന് സങ്കടനിവൃത്തി ചടങ്ങ്നടത്തി .മാരാര്‍ ശംഖ് ഊതിയപ്പോൾ കണ്ടിയൂര്‍ പട്ടത്തു നമ്പീശന്റെ കുടുംബത്തിലെ ഒരംഗം വന്നു ഗ്രന്ഥം വച്ച് തൊഴുതു സങ്കടമില്ലെന്ന് പ്രാര്‍ത്ഥിച്ചു
പണ്ട് ചാട്ടുകുളത്തില്‍ ആറാട്ടു നടക്കുമ്പോള്‍ ക്ഷേത്രം ട്രസ്റ്റിയുടെ കാര്യസ്ഥന്‍ കണ്ടിയൂര്‍ പട്ടത്തു നമ്പീശന്‍ കൊല്ലപ്പെട്ടത് ഈ സ്ഥലത്തു വച്ചായിരുന്നു. ആ കുടുംബത്തിലെ ആരെങ്കിലും വന്നു സങ്കടമില്ല എന്ന് പറഞ്ഞശേഷമേ എഴുന്നള്ളത്തു മുന്നോട്ട് നീങ്ങുകയുള്ളു. പിന്നീട് പഞ്ചാരിമേളത്തോടെ യുള്ള ഗ്രാമപ്രദക്ഷിണത്തിന് ശേഷം
തിടമ്പു കൈയിലെടുത്തു ഭഗവതിക്ക് മുന്നിലൂടെ രുദ്രകുളത്തിലെ ആറാട്ടുകടവിലേക്കു നീങ്ങി. തന്ത്രിയും ഓതിക്കന്മാരും സപ്തനദികളെയും രുദ്രകുളത്തിലേക്കു ആവാഹിച്ചു പുണ്യാഹം നടത്തിയശേഷം തിടമ്പില്‍ മഞ്ഞള്‍, ഇനീര്‍ എന്നിവകൊണ്ട് അഭിഷേകം ചെയ്തു. തുടര്‍ന്ന് തന്ത്രി പാപ നാശിനി സൂക്തം ജപിച്ചു പഞ്ചലോഹത്തിടമ്പു മാറോടു ചേര്‍ത്ത് രുദ്രതീര്‍ത്ഥത്തില്‍ സ്നാനം നടത്തി. പിറകെ, ഓതിക്കന്മാരും മറ്റും സ്നാനം നടത്തി.
ദേവന്റെ ആറാട്ട് കഴിഞ്ഞതോടെ ആയിരക്കണക്കിന് ഭക്തര്‍ കുളത്തില്‍ മുങ്ങി സായൂജ്യം നേടി. ആറാട്ടിനുശേഷം തിടമ്പ് ആനപ്പുറത്തു കയറ്റി കിഴക്കേഗോപുരത്തിലൂടെ അകത്തു പ്രവേശിച്ചു. ആറാട്ട് കഴിഞ്ഞെത്തിയ കണ്ണനെ വടക്കേമ്പാട്ട് പത്തുകാര്‍ വാരിയര്‍ വെള്ളപ്പൂക്കള്‍ അര്‍ച്ചിച്ചു സ്വീകരിച്ചു.
കൊടിമരത്തിന് സമീപം ഊരാളൻ മല്ലിശ്ശേരി നമ്പൂതിരി അഞ്ചു നിറപറകള്‍ വച്ച് എതിരേറ്റു. ആനപ്പുറത്ത് ക്ഷേത്രത്തിനുള്ളില്‍ കടന്ന കണ്ണന്‍ 11 തവണ ഓട്ടം പ്രദക്ഷിണം പൂർത്തിയാക്കി. തുടര്‍ന്ന് തന്ത്രി കൊടിമരമുകളിലെ ഗരുഡവാഹനത്തില്‍ നിന്ന് ചൈതന്യം പഞ്ചലോഹവിഗ്രഹത്തിലേക്ക് ഉദ്ധ്വസിച്ച തോടെ കൊടിയിറക്കി.
കെട്ടി മൂടി വച്ചിരുന്ന മൂലവിഗ്രഹം തുറന്ന് അതിലേക്കു ചൈതന്യം ഉദ്ധ്വസിച്ചു. പിന്നെ, തന്ത്രി 25 ജീവകലശമാടിയ ശേഷം രാത്രി അത്താഴപൂജ, ശീവേലി നടത്തുകയും ഭഗവാനെ ശീവേലിക്കു എഴുന്നള്ളിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉഷപൂജ കഴിയുന്നതോടെ തന്ത്രി, ഓതിക്കന്‍, മേല്‍ശാന്തി, കീഴ്ശാന്തി തുടങ്ങി എല്ലാവര്‍ക്കും ഊരാളന്‍ മല്ലിശ്ശേരി നമ്പൂതിരി വെറ്റില അടയ്ക്കുവച്ചു ദക്ഷിണ നല്‍കും. അതോടെ പത്തുദിവസത്തെ ഗുരുവായൂരപ്പന്റെ ഉത്സവത്തിന് സമാപനമാകുകയായി.