
ബംഗളൂരു സ്‌ഫോടന കേസില്‍ നാലു മാസത്തിനകം വിധി പറയണം : സുപ്രീം കോടതി

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബംഗളൂരു സ്‌ഫോടനക്കേസില്‍ നാലു മാസത്തിനകം അന്തിമവാദം പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി. വിചാരണ നടക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിക്കാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. കേസിലെ 28-ാം പ്രതിയായ താജുദ്ദീന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. സ്‌ഫോടനക്കേസില്‍ 16 വര്‍ഷമായി വിചാരണ പൂര്‍ത്തിയാകാത്തതിനാല്‍ താന്‍ ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് താജുദ്ദീന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കേസിന്റെ വിചാരണ വൈകിയത് ചൂണ്ടിക്കാട്ടി മദനി സുപ്രീംകോടതിയെ മുമ്പ് സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിനകം കേസ് അവസാനിപ്പിക്കാമെന്ന് 2015ല്‍ പ്രത്യേക കോടതി സുപ്രീംകോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കേസിന്റെ അന്തിമവാദം ഇഴഞ്ഞു നീങ്ങുകയാണ്.
ബംഗളൂരു സ്‌ഫോടന കേസില്‍ മദനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം നേരത്തെ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഫോണ്‍ വിളിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് വിചാരണ കോടതിയില്‍ ആരംഭിക്കാനിരിക്കുന്ന അന്തിമവാദം കേള്‍ക്കല്‍ സുപ്രീംകോടതി സ്റ്റേ ചെയ്ത് പ്രതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ ഇനി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് മദനി ഉള്‍പ്പെടെയുള്ളവരുടെ വാദം. തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ കുറ്റപത്രം നല്‍കിയ സമയത്ത് ഹാജരാക്കണമായിരുന്നു. പുതിയ തെളിവുകള്‍ ഇനി പരിഗണിക്കാന്‍ അനുവദിച്ചാല്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വരും. പുതിയ തെളിവുകള്‍ പരിഗണിക്കുന്നത് വിചാരണ അനന്തമായി നീളുന്നതിന് കാരണമാകുമെന്നും പ്രതിഭാഗത്തിന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു. 500ലേറെ സാക്ഷികളുള്ള സ്‌ഫോടനക്കേസില്‍ മരിച്ചവരും കണ്ടെത്താന്‍ കഴിയാത്തവരുമായ 100 ഓളം സാക്ഷികളെ വിചാരണ നടപടിക്രമത്തില്‍ നിന്ന് കോടതി നേരത്തെ ഒഴിവാക്കിയിരുന്നു.