Above Pot

ബംഗാളിലേക്ക് പോയ യുവാവിനെ തട്ടിക്കൊണ്ടു പോയി ബന്ധിയാക്കി

കുന്നംകുളം : ബംഗാളിലേക്ക് പോയ എരുമപ്പെട്ടി സ്വദേശിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധിയാക്കി. എരുമപ്പെട്ടി ഐ.ടി.സിക്ക് സമീപം തളികപറമ്പിൽ ഹാരിസിനെ (33) ആണ് തട്ടിക്കൊണ്ട് പോയി ബന്ധിയാക്കി വീട്ടുകാരോട് മോചന ദ്രവ്യം ആവശ്യപ്പെട്ടിരിക്കുന്നത്. മോചിപ്പിക്കണമെങ്കിൽ 10 ലക്ഷം വേണമെന്നാണ് ആവശ്യം. കർണ്ണാടക ബെല്ലാരിയിൽ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനം നടത്തുകയാണ് ഹാരിസ്. മൂന്ന് ദിവസം മുമ്പ് ബന്ധുവായ കർണ്ണാടക സ്വദേശി മുബാറക്കുമായി ജോലിക്ക് തൊഴിലാളികളെ കിട്ടുന്നതിനായി ബംഗാളിൽ പോയത്. ഇവിടെ വെച്ചാണ് ബന്ധിയാക്കിയിരിക്കുന്നത്. ഹാരിസിന്റെ ഫോണിൽ നിന്നാണ് കവർച്ചാ സംഘം ബന്ധുക്കളെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.


തന്നെ ഒരു സംഘം ബന്ധിയാക്കിയതായി ഹാരിസ് തന്നെയാണ് വീട്ടുകാരോട് പറഞ്ഞത്. ജോലിക്ക് ബംഗാളിൽ നിന്ന് തൊഴിലാളികളെ കൊണ്ട് വരാനായിരുന്നു അവിടെ പോയതെന്ന് ഹാരിസ് ബന്ധുക്കളോട് പറഞ്ഞു. തൊഴിലാളികളെ എത്തിച്ച് തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ഒരു സംഘം അജ്ഞാത താവളത്തിൽ എത്തിച്ച് രണ്ട് പേരേയും ബന്ധിയാക്കിയിരിക്കുകയാണെന്ന് ഹാരിസ് വീട്ടുകാരോട് പറഞ്ഞു.

Astrologer

പത്ത് ലക്ഷം രൂപ അയച്ച് കൊടുത്തില്ലെങ്കിൽ കൊന്നുകളയുമെന്ന് കവർച്ചാ സംഘം അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. പരാതിയിൽ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോലീസ് ബന്ധപ്പെട്ടപ്പോൾ ഹാരിസിന്റെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. പിന്നീട് ഹാരിസിന്റെ നമ്പരിൽ നിന്നും വന്ന കോൾ പോലീസ് എടുത്തപ്പോഴും മോചനദ്രവ്യം വേണമെന്ന ആവശ്യം സംഘം ആവർത്തിച്ചതായി പറയുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷിക്കുകയാണ് പോലീസ്

Vadasheri Footer