ബംഗാളിൽ സി.പി.എം പ്രവർത്തകർ കൂട്ടത്തോടെ ബി.ജെ.പിയിലേക്കെന്ന് ബുദ്ധദേവ് ഭട്ടാചാര്യ
കൊൽക്കത്ത: പശ്ചിമബംഗാളിൽ സി.പി.എം പ്രവർത്തകർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന മുന്നറിയിപ്പുമായി മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ രംഗത്ത്. സംസ്ഥാനത്ത് ബി.ജെ.പി വളരുന്നത് അപകടമാണെന്നും മമത ബാനർജിയോടുള്ള വെറുപ്പിന്റെ പേരിൽ ബി.ജ.പിയിൽ ചേരുന്നത് വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ചാടുന്നതിന് തുല്യമാണെന്ന് ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. .
സി.പി.എമ്മുകാർ ബി.ജെ.പിക്ക് ചേക്കേറുന്നത് ഇതിനകം തന്നെ പലയിടത്തും സംഭവിച്ചു കഴിഞ്ഞു. ജനങ്ങൾ സ്വയം നശിക്കുന്നതിൽ നിന്ന് അവരെ രക്ഷിക്കുകയാണ് ഇപ്പോൾ സി.പി.എമ്മിന്റെ ദൗത്യമെന്ന് ബുദ്ധദേവ് ഭട്ടാചാര്യ പറയുന്നു. എന്നാൽ ഇത് എങ്ങനെ സാദ്ധ്യമാകുമെന്ന് നേതൃത്വത്തിന് വ്യക്തമല്ല. തൃണമൂലിൽ നിന്ന് മോചനം നേടാൻ ബിജെ.പിയെ തെരഞ്ഞെടുക്കുക എന്ന മണ്ടത്തരം ചെയ്യരുതെന്ന് തിങ്കളാഴ്ച ഒരു സി.പി.എം റാലിയിൽ മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, മമതയാണ് പ്രധാന ശത്രു എന്ന നിലപാടിലാണ് പല സി.പി.എം നേതാക്കളും.
2011 നിയമസഭ തെരഞ്ഞെടുപ്പിലാണ് സി.പി.എമ്മിന് ബംഗാളിൽ അധികാരം നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ ഓരോ തിരഞ്ഞെടുപ്പിലും സി.പി.എമ്മിന്റെ പ്രകടനം മോശമായിരുന്നു. 2011ൽ 39.6 ശതമാനം വോട്ട് വിഹിതം ഉണ്ടായിരുന്ന സി.പി.എമ്മിന് 2016-ലെ തെരഞ്ഞെടുപ്പിൽ 25.6 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇതേ കാലയളവിൽ 4.06 ശതമാനത്തിൽ നിന്ന് 10.28 ശതമാനത്തിലേക്ക് ബി.ജെ.പി മുന്നേറുകയും ചെയ്തു. മമതാ ബാനർജിയോടുള്ള വൈരാഗ്യത്തെ തുടർന്ന് മുതിർന്ന നേതാക്കൾവരെ ബി.ജെ.പിയിലേക്ക് ചേക്കേറിയിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സി.പി.എമ്മിന്റെ ഹബീബ്പൂർ എം.എൽ.എ ഖാഗൻ മുർമു . അദ്ദേഹം ഇപ്പോൾ മാൽഡ നോർത്തിലെ ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയാണ്. സി.പി.എം ചിഹ്നത്തിൽ വിജയിച്ച നിയമസഭാംഗത്വം രാജിവയ്ക്കാതെയാണ് മുർമു താമര ചിഹ്നത്തിൽ മത്സരിച്ചത്.