
ബഷീറിനെ വായിപ്പിച്ച് തെരുവ് നാടകം; വേറിട്ട വായനാദിനാചരണവുമായി എൽ.എഫ്. കോളേജ്

ഗുരുവായൂർ : വായനാദിനാചരണത്തിന്റെയും വായനാവാരത്തിന്റെയും ഭാഗമായി ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് (ഓട്ടോണോമസ്) സംഘടിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ ശ്രദ്ധേയമായി. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ ആസ്പദമാക്കി വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് നാടകം ഗുരുവായൂർ, കുന്നംകുളം ബസ് സ്റ്റാൻഡുകളിലെ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റി. ബഷീറിന്റെ കഥാപാത്രങ്ങളെയും ജീവിതദർശനങ്ങളെയും ജനങ്ങൾക്കിടയിലേക്ക് എത്തിച്ച നാടകാവതരണം വലിയ സ്വീകാര്യത നേടി.
ജൂൺ 19-ന് ആരംഭിച്ച വായനാവാരാചരണത്തിന്റെ ഉദ്ഘാടനം ഗുരുവായൂർ മുനിസിപ്പൽ ചെയർപേഴ്സൺ സുനിത അരവിന്ദൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സി. ഡോ. ജെ. ബിൻസി അധ്യക്ഷത വഹിച്ചു. ലിറ്റിൽ ഫ്ലവർ കോളേജിന്റെ പൂർവവിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ നയന വൈദേഹി സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ ലോക റെക്കോർഡ് ജേതാവും ബാലകവയിത്രിയുമായ തപസ്യ സുനീഷിനെ ആദരിച്ചു. വായനയുടെ പ്രാധാന്യം പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ഫ്ലാഷ് മോബ്, പത്രവായന, “എഴുത്തുകാരനെ കണ്ടെത്തൽ” മത്സരം, ഇന്റർ-കോളേജ് ടാബ്ലോ മത്സരം, ഇൻഫർമേഷൻ കോർണർ തുടങ്ങി വിവിധ പരിപാടികൾ തുടർന്നുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
യു.ജി.സി. ലൈബ്രേറിയൻ സി. ഡോ. ജോയ്സി എ. ജെ., മലയാള ഗവേഷണ വിഭാഗം മേധാവി ഡോ. ഷൈജി സി. മുരിങ്ങത്തേരി, വിദ്യാർത്ഥി സംഘാടകരായ ഷെറിൻ ഫൈസൽ, ലക്ഷ്മി പി. ആർ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

