ബംഗളൂരു: ബംഗളൂരുവില്‍ നൈജീരിയന്‍ പൗരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മയക്കുമരുന്ന് നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി. വാടക വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന മയക്കുമരുന്ന് ഫാക്ടറിയാണ് ക്രൈംബ്രാഞ്ചിന്റെ നാര്‍ക്കോട്ടിക് വിഭാഗം കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് സിറ്റി ക്രൈംബ്രാഞ്ചിന്റെ നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. ഫാക്ടറിയില്‍ നിന്നും മാരക മയക്കുമരുന്നായ ക്രിസ്റ്റല്‍ രൂപത്തിലുള്ള നാല് കിലോ ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വിപണയില്‍ രണ്ട് കോടിയോളം രൂപ വിലവരും ഇവയ്‌ക്ക്.
കൂടാതെ ലഹരിവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അസെറ്റോണ്‍, ഹൈപ്പോ ഫോസ്ഫറസ് ആസിഡ്, സോഡിയം ഹൈഡ്രോക്‌സൈസ്, ആസിഡ് എന്നിവയും അന്വേഷണ സംഘം കണ്ടെത്തി. എംഡിഎംഎ ക്രിസ്റ്റലുകള്‍ വിതരണം ചെയ്യാനായി അളക്കുന്ന സിലിണ്ടറും ഫാക്ടറില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ നിന്നാണ് ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ ഗുളികകള്‍ നിര്‍മ്മിച്ച് കര്‍ണാടകയിലേക്കും വിവിധ സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും വില്‍പ്പന നടത്തിയിരുന്നതായി സിറ്റി പോലീസ് കമ്മീഷ്ണര്‍ സന്ദീപ് പാട്ടീല്‍ വ്യക്തമാക്കി.
നൈജീരിയന്‍ പൗരന് പുറമെ കൂടുതല്‍ ആളുകള്‍ ഫാക്ടറിയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.