ബംഗ്ലാദേശിലെ കലാപത്തിന് പിന്നിൽ അമേരിക്ക : ഷെയ്ഖ് ഹസീന.
ദില്ലി: മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താൻ രാജി വെച്ചതെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം യുഎസിന് നൽകിയിരുന്നെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാമായിരുന്നു. ബംഗാൾ ഉൾക്കടലിലും സ്വാധീനമുറപ്പിക്കാൻ അനുവദിച്ചില്ല. രാജിക്ക് മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ പ്രസംഗത്തിലായിരുന്നു ഷെയ്ഖ് ഹസീന ഇക്കാര്യങ്ങൾ വിശദമാക്കിയത്. ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ രാജ്യം വിട്ട ഷെയ്ഖ് ഹസീന ആദ്യമായി പ്രതികരിക്കുകയായിരുന്നു ഷെയ്ഖ് ഹസീന.
തൻ്റെ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്‍ടിച്ചതിന്‍റെ ഉത്തരവാദി അമേരിക്കയാണെന്ന് ഹസീന ആരോപിച്ചു. ബംഗാൾ ഉൾക്കടലിൻ്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം അമേരിക്കയ്ക്ക് കൈമാറാത്തതിനാലാണ് തനിക്ക് അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടി വന്നതെന്നാണ് ഹസീന പറയുന്നത്. തന്‍റെ രാജ്യത്ത് ശവക്കൂമ്പാരം കാണാതിരിക്കാനാണ് രാജിവെച്ചതെന്നും സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം അമേരിക്കയ്ക്ക് വിട്ടുകൊടുത്തിരുന്നെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാമായിരുന്നുവെന്നും ഹസീന പറയുന്നു.
അതേസമയം, ഷെയ്ക് ഹസീന എത്ര ദിവസം ഇന്ത്യയിൽ തങ്ങുമെന്ന കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം മൗനം തുടരുകയാണ്. ഷെയ്ഖ് ഹസീനയുടെ തീരുമാനം എന്തെന്ന് പ്രതികരിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമ്മിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ടെലിഫോണിൽ ചർച്ച നടത്തി. ബംഗ്ലാദേശിലെ സാഹചര്യം ചർച്ച ചെയ്തു എന്ന് എസ് ജയശങ്കർ അറിയിച്ചു. യുകെയിൽ അഭയം തേടാൻ ഷെയഖ് ഹസീന അഭ്യർത്ഥന മുന്നോട്ട് വെച്ചിരിക്കെയാണ് ഇന്ത്യയുടെ നീക്കം. ബംഗ്ലാദേശിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാൻ നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു