കർക്കിടക വാവ് ബലി തർപ്പണത്തിനായി പഞ്ചവടി വാ കടപ്പുറം ഒരുങ്ങി
ചാവക്കാട് : പഞ്ചവടി ശ്രീശങ്കര നാരായണ മഹാക്ഷേത്രത്തിൽ ജൂലൈ 28ന് കർക്കിടക വാവ് ബലിതർപ്പണം വിപുലമായ ചടങ്ങുകളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 2. 30 മുതൽ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞ ശാലയിൽ ബലിതർപ്പണം ആരംഭിക്കും . പതിനായിരത്തോളം പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.
രണ്ട് പന്തലുകളിലായി ഒരേസമയം 1000 പേർക്ക് ഇരുന്ന് ബലിയിടാം. ക്ഷേത്രം മേൽശാന്തി സുമേഷിന്റെ മുഖ്യകാർമികത്വത്തിൽ ശാന്തി മാരായ പി. ആർ.ഷൈൻ, സാഗർ ശർമ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. പിതൃ മോക്ഷപ്രാപ്തിക്കായി നടത്തുന്ന തിലഹവനം, പിതൃ സായൂജ്യപൂജ എന്നിവ നടത്താൻ പ്രത്യേക യജ്ഞശാലകളും കടൽതീരത്ത് വിപുലമായ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ബലിതർപ്പണ ദിവസം പതിനായിരത്തിലധികം പേർക്ക് സൗജന്യ പ്രഭാത ഭക്ഷണം നൽകും.
വിപുലമായ വാഹന പാർക്കിംഗ് സൗകര്യം,വലിയ വാഹനങ്ങൾക്ക് പ്രത്യേക പാർക്കിന് സംവിധാനം, വസ്ത്രങ്ങൾ വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാൻ ബലിതർപ്പണ ശാലയ്ക്ക് സമീപം ചോയ്സ് ആൽത്തറ ഒരുക്കുന്ന സൗജന്യ സൗകര്യങ്ങളും ഉണ്ടാകും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വിശ്വനാഥൻ വാക്കയിൽ, സെക്രട്ടറി വിനയദാസ് താമരശ്ശേരി, സദാനന്ദൻ വാക്കയിൽ, തോട്ടുപ്പുറത്ത് അർജ്ജുനൻ സ്വാമി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു