ബലാക്കോട്ട് ആക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ട് പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കൾ

">

ലക്നൗ : ബലാക്കോട്ട് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് തെളിവ് ആവശ്യപ്പെട്ട് പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളും സര്‍ക്കാരിന് എതിരെ രംഗത്ത് . തെളിവോ കൊല്ലപ്പെട്ട ഭീകരുടെ കണക്കോ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. സൈന്യമോ സര്‍ക്കാരോ ഇതുവരെ കൃത്യമായ കണക്ക് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. അമിത് ഷാ 250 പേര്‍ കൊല്ലപ്പെട്ടു എന്ന് പറഞ്ഞതാണ് രാജ്യത്തിന് മുന്നിലുളളത്. ഇതോടെ പ്രതിപക്ഷം ഒന്നാകെ സര്‍ക്കാരിന് നേരെ തിരിഞ്ഞിരിക്കുന്നു. തെളിവ് വേണം എന്ന ആവശ്യം ശക്തമായിരിക്കുന്നു.

ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ തങ്ങള്‍ കാണിച്ച്‌ തരൂ എന്നാണ് ജവാന്മാരുടെ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഉത്തര്‍ പ്രദേശ് സ്വദേശികളായ പ്രദീപ് കുമാര്‍, രാം വക്കീല്‍ എന്നീ സൈനികരുടെ വീട്ടുകാരാണ് തെളിവ് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ ചിതറിയ ശരീരം കണ്ടു. എന്നാല്‍ തിരിച്ചടി നല്‍കി എന്ന് പറയുന്നതല്ലാതെ അതിന് തെളിവൊന്നും എവിടെയും കണ്ടില്ലെന്ന് ഇവര്‍ പറയുന്നു. കൊല്ലപ്പെട്ട ഭീകരവാദികളുടെ ശവം കണ്ടാലേ തങ്ങള്‍ക്ക് സമാധാനം ലഭിക്കുകയുളളൂ. തെളിവ് പുറത്ത് വിടുന്നത് വരെ തിരിച്ചടിച്ചു എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും എന്നും ഈ ബന്ധുക്കള്‍ ചോദിക്കുന്നു. തെളിവ് ചോദിക്കുന്നവരെ രാജ്യദ്രോഹിയാക്കാന്‍ അനുവദിക്കില്ലെന്നും ഈ കുടുംബങ്ങള്‍ പറയുന്നു. ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിക്കുളള തെളിവുകളൊന്നും ഇതുവരെ സര്‍ക്കാരോ സൈന്യമോ പുറത്ത് വിട്ടിട്ടില്ല. മരിച്ചവരുടെ എണ്ണവും ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Sponsors