ഗുരുവായൂര്‍ അഴുക്ക്ചാല്‍ പദ്ധതിയുടെ പൈപ്പ് പൊട്ടി, ശുചിമുറി മാലിന്യംറോഡിൽ
ഗുരുവായുർ : ഗുരുവായൂരിന്റെ സ്വപ്ന പദ്ധതിയായ ഗുരുവായൂര്‍ അഴുക്ക്ചാല്‍ പദ്ധതിയുടെ പൈപ്പ് ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച തികയും പൊട്ടിയത് പുത്തരിയിൽ കല്ല് കടിച്ച പോലെയായി . പ്രദേശത്ത് ശുചിമുറി മാലിന്യം പരന്നതിനെ തുടര്‍ന്ന് പമ്പിംഗ് നിറുത്തി വച്ചു. പഞ്ചാരമുക്ക് സെന്ററില്‍ ഇന്ന് രാവിലെ ആറോടെയാണ് അഴുക്ക്ചാല്‍പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. നടുറോഡിലടക്കം മൂന്നിടങ്ങളിലൂടെ മാലിന്യം പുറത്തേക്കൊഴുകി. പരിസരത്ത് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ ജല അതോറിറ്റിയേയും നഗരസഭ ആരോഗ്യവിഭാഗത്തേയും വിവരമറിയിച്ചു. ഉടന്‍ തന്നെ പമ്പിംഗ് നിറുത്തുകയും ആരോഗ്യവിഭാഗം ജീവനക്കാരെത്തി ശുചീകരണം നടത്തുകയും ചെയ്തു. 18 വര്‍ഷം മുമ്പ് സ്ഥാപിച്ച 250 എം.എം. വ്യാസമുള്ള കാസ്റ്റേണ്‍ പൈപ്പിലാണ് ചോര്‍ച്ചയുള്ളത്. ഈ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിലായി റോഡ് വെട്ടിപൊളിച്ചിരുന്നു. ഇതേ തുടര്‍ന്നായാരിക്കാം ചോര്‍ച്ച അനുഭവപ്പെട്ടതെന്നാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. മലിനജലം പൂര്‍ണമായും വരണ്ട് ഉണങ്ങിയതിന് ശേഷം മാത്രമേ കുഴിയെടുത്ത് ചോര്‍ച്ചയടക്കാനാകു. ഇന്ന് രാത്രിയോടെ ചോര്‍ച്ചയടക്കുന്ന പണികള്‍ ആരംഭിക്കും. മഴ ശക്തമായില്ലെങ്കില്‍ നാളെ ഉച്ചയോടെ ചേര്‍ച്ചയടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ മാലിന്യം പമ്പ് ഹൗസിലെ കിണറില്‍ സംഭരിക്കും. ഒരാഴ്ചത്തെ മാലിന്യം സംഭരിക്കാന്‍ ശേഷിയുള്ള മൂന്ന് കിണറുകളാണ് ഉള്ളത്. അര നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ 16നാണ് അഴുക്ക്ചാല്‍ പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് ഇതിനു കണക്ഷൻ എടുത്തിട്ടുള്ളത് , അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ അളവിലെ മാലിന്യമാണ് ഇപ്പോൾ പമ്പ് ചെയ്യുന്നത് . പൂർണ തോതിൽ മാലിന്യ പമ്പ് ചെയ്യാൻ തുടങ്ങിയാൽ . പൈപ്പ് പൊട്ടൽ തുടർക്കഥ ആകുമോ എന്നാണ് പഞ്ചാരമുക്ക് നിവാസികൾ ആശങ്കപ്പെടുന്നത്