ഗുരുവായൂർ അഴുക്കുചാൽ പദ്ധതി, ക്ഷേത്ര നഗരിയിലെ ജനങ്ങളെ ദുരിതക്കയത്തിലാക്കി
ഗുരുവായൂര്‍: ക്ഷേത്ര നഗരിയിലെ കക്കൂസ് മാലിന്യം സംസ്കരിക്കാനായി കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ അഴുക്കു ച്ചാൽ പദ്ധതി ഉൽഘാടനം ചെയ്‌തെങ്കിലും മാലിന്യം ചവിട്ടി വേണം ഭക്തർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ . നേരത്തെ കാനകളിൽ കൂടി ഒഴുക്കി വിട്ടിരുന്ന മാലിന്യം മാൻ ഹോൾ വഴി പുറത്തേക്ക് ഒഴുകുയാണ് . ഗുരുവായൂര്‍ ക്ഷേത്രത്തിന് നൂറുമീറ്റര്‍ അകലെയാണ് നടുറോഡിലൂടെ കക്കൂസ് മാലിന്യം കവിഞ്ഞൊഴുകുന്നത്.
ക്ഷേത്രം വടക്കേ കുളത്തിന് പിന്‍ഭാഗത്തായി നാരായണാലയം സ്ഥിചെയ്യുന്നതിന്റെ തൊട്ടുപുറകിലെ റോഡിലാണ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് . ഓഗസ്റ്റ് ആറിന് ഗുരുവായൂര്‍ നഗരസഭ സമ്പൂര്‍ണ്ണ ശുചിത്വ നഗരമായി പ്രഖ്യാപിയ്ക്കാനിരിയ്ക്കുമ്പോഴാണ്, ക്ഷേത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഈ റോഡില്‍ കക്കൂസ് മാലിന്യം ഒഴുകുന്നത്. വൈകീട്ട് ഏഴുമണിയോടേയാണ് സംഭവം വാര്‍ഡ് കൗണ്‍സിലര്‍ ശോഭഹരിനാരായണന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടനെ നഗരസഭയിലെ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. വാട്ടര്‍ അതോറിറ്റി ജീവനക്കാരെത്തി, നടുറോഡിലെ മാന്‍ഹാള്‍ തുറന്ന് മോട്ടോര്‍ ഉപയോഗിച്ച് മലിനജലം വറ്റിച്ചെടുത്ത് താല്‍ക്കാലിക ശമനമായി. ഐ.എസ്. ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി വാഹന ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചാണ് മലിനജലമൊഴുക്കിനെ തടയിട്ടത് .
മഴ ഒഴിഞ്ഞു നിൽക്കുന്നതിനാൽ തെക്കേ നടയിലെ ബഹു നില പാർക്കിങ് സമുച്ചയത്തിന്റെ മുന്നിലെ മാലിന്യം ഒഴുക്കിനു താൽക്കാലിക ശമനമായി. മഴ നിലത്തു വീണാൽ തെക്കേ നടയിലെ ഇന്നർ റിങ് റോഡിലെ മൂന്നു ചേമ്പറുകൾ നിന്നാണ് മാലിന്യം പുറത്തേക്ക് ഒഴുകിയിരുന്നത് .പാർക്കിങ്ങിൽ വണ്ടി നിറുത്തി ഈ മലിന ജലം ചവിട്ടിയാണ് ഭക്തർ ക്ഷേത്രത്തിലേക്ക് പോയിരുന്നത്. പദ്ധതി പരാജയമെന്ന് എം എൽ എ തന്നെ അംഗീകരിച്ച സ്ഥിതിക്ക് ആരോട് പരാതി പറയും എന്നറിയാത്ത അവസ്ഥയിലാണ് നഗര വാസികൾ .
നേരത്തെ കാനയിൽ കൂടി ഒഴുകിയിരുന്ന മാലിന്യം കൊണ്ട് ചക്കം കണ്ടം നിവാസികൾക്കായിരുന്നു ദുരിതം ,ഇപ്പോൾ ക്ഷേത്രത്തിനു ചുറ്റുമുള്ളവരെയും ദുരിത കയത്തിലാക്കി. എന്ത് വന്നാലും പദ്ധതി കമ്മീഷൻ ചെയ്യണമെന്ന നിർബന്ധം മാത്രമാണ് അധികൃതർക്ക് ഉണ്ടായിരുന്നത് . പൈപ്പ് ലൈനിൽ ചോർച്ച ഉള്ളത് കൊണ്ടാണ് മഴ ക്കാലത്ത് ഇതിലേക്ക് വെള്ളം കടക്കുന്നത് . ഈ ചോർച്ചയിൽ കൂടി മാലിന്യം ഭൂമിയിലേക്ക് ഇറങ്ങിയാൽ ഗുരുവായൂർ ക്ഷേത്രത്തിലെ കിണറിലുള്ള വെള്ളം പോലും ഉപയോഗ ശൂന്യമാകും എന്നാണ് ഭക്തരുടെ ആശങ്ക.