അയോഗ്യതക്ക് സ്റ്റേ , ഇന്നല്ലെങ്കിൽ നാളെ സത്യം ജയിക്കും : രാഹുൽഗാന്ധി
ന്യൂഡൽഹി: സൂറത്ത് കോടതിവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിക്ക് പിന്നാലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരണം രണ്ട് വരിയിൽ ഒതുക്കി രാഹുൽ ഗാന്ധി. ഇന്നല്ലങ്കിൽ നാളെ സത്യം ജയിക്കും. എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എനിക്ക് വ്യക്തതയുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളെനിക്ക് വലിയ പിന്തുണ നൽകി. ആ പിന്തുണയ്ക്കും സ്നേഹത്തിനും ഈ അവസരത്തിൽ എല്ലാവർക്കും നന്ദിയറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യവുമായി മുന്നോട്ട് പോകുമെന്നും എന്തുതന്നെ ആയാലും അതാണ് തന്റെ കടമേയെന്നും ട്വിറ്ററിൽ കുറിച്ചു
അതെ സമയം മോദി പരാമർശത്തിന്റെ പേരിൽ പരമാവധി ശിക്ഷ വിധിച്ച ഗുജറാത്തിലെ വിചാരണ കോടതിയെ സുപ്രീം കോടതി കണക്കിനു വിമർശിച്ചു. ഈ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കു പരമാവധി ശിക്ഷനൽകിയ കോടതി വിധിക്കു ന്യായീകരണമില്ല. രാഹുൽ ഗാന്ധിയുടെ പരാമർശം ഏതെങ്കിലും സമുദായത്തെയോ വ്യക്തികളെയോ അപമാനിക്കുന്നതല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്വി വാദിച്ചു. അദ്ദേഹം ഒരു കുറ്റവാളിയല്ല. ആരെയെങ്കിലും മുറിപ്പെടുത്താൻ വേണ്ടിയല്ല അദ്ദേഹം പ്രസ്താവന നടത്തിത്. രാജ്യവ്യാപകമായി ബിജെപിക്കാർ നിരവധി കേസുകൾ ഫയൽ ചെയ്തിട്ടും ഒന്നിൽ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഉത്തരവാദിത്വമുള്ള പൊതു പ്രവർത്തകനാണ് രാഹുൽ ഗാന്ധി. അതുകൊണ്ട് അദ്ദേഹത്തിനെതിരായ മാന നഷ്ട കേസ് നിലനിൽക്കില്ലെന്നും അദ്ദേഹത്തിന്റെ അഭിഷേക് സിംഗ്വി വാദിച്ചു.
ഇതെല്ലാം അംഗീകരിച്ചാണ് പരമോന്നത കോടതി രാഹുൽ ഗാന്ധിക്കെതിരായ വിധി സ്റ്റേ ചെയ്തത്. സ്റ്റേ നിലനിൽക്കുന്ന കാലത്തേക്ക് അദ്ദേഹത്തിന് എംപി സ്ഥാനം തിരികെ കിട്ടുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇതു ജനാധിപത്യമാണ്. ജനാധിപത്യത്തിൽ അഭിപ്രായ ഭിന്നതകളുണ്ടാകും. രാഷ്‌ട്രീയ എതിർപ്പുകളുണ്ടാകും. എന്നാൽ അതിനെ അധികാരമുപയോഗിച്ചു നിശബ്ദമാക്കുന്നത് ശരിയല്ല. രാഹുൽ ഗാന്ധി ഒരിക്കലും കുറ്റവാളിയല്ല. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. നിയമ വ്യവസ്ഥയെ അംംഗീകരിക്കുന്നയാളാണ്. അതുകൊണ്ടു തന്നെ നിസാരമായ സംഭവം ഊതിപ്പെരുപ്പിച്ച് വലിയ ക്രിമിനൽ കേസ് കെട്ടിച്ചമച്ചാണ് അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം പോലും മരവിപ്പിച്ചത്. എംപി എന്ന നിലയിൽ വിലപ്പെട്ട രണ്ട് സെഷനുകൾ അദ്ദേഹത്തിനു നഷ്ടപ്പെട്ടു. ഇനിയും ഈ നഷ്ടം അംഗീകരിക്കാൻ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജനങ്ങൾക്കാവില്ല- രാഹുൽ ഗാന്ധിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടി.