ആയിരം വിഗ്ഗുകൾ വിതരണം ചെയ്ത് അമല ആശുപത്രി
തൃശൂർ : കാൻസർ രോഗംമൂലം മുടി നഷ്ടമായ സ്ത്രീകൾക്ക് അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നും ആയിരം വിഗ്ഗുകൾ സൗജന്യമായി വിതരണം ചെയ്തു. അമല ഔഡിറ്റോറിയത്തിൽ നടന്ന ഇരുപത്തി അഞ്ചാമത്തെ പൊതു യോഗത്തിൽ 31 കാൻസർ രോഗികൾക്ക് പതിനായിരം രൂപയിൽ കൂടുതൽ വിലവരുന്ന വിഗ്ഗുകളാണ് അവസാനമായി നൽകിയത്.
ചടങ്ങിൽ സിനിമാതാരം ദിവ്യ പിള്ള ഗായകൻ വിജയ് യേശുദാസ്എന്നിവർ മുഖ്യ അതിഥികളായിരുന്നു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25 പേർ 30 സെൻ്റീമീറ്റർ നീളത്തിൽ മുടി മുറിച്ചുനൽകി. കേശദാന ക്യാമ്പ് സംഘടിപ്പിച്ച 30 സ്ഥാപനങ്ങളെയും മുടി മുറിച്ചു നൽകിയവരെയും സർട്ടിഫിക്കറ്റും മെമൻ്റോയും നൽകി ആദരിച്ചു. ആറ് വയസുള്ള ഇസ്ഹാൻ, സ്റ്റാറാ സ്റ്റാൻലി, 60 വയസ് പൂർത്തിയാക്കി അഞ്ചു തവണ കേശദാനം നടത്തിയ, രമണി മൂക്കൻ എന്നിവരെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
അമല മെഡിക്കൽ കോളേജ് ഡയറക്ടർ, ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയറ്റ് ഡയറക്ടർ, ഫാ. ജെയ്സൺ മുണ്ടൻമാണി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, കണ്ണൂർ സമരിറ്റൻ പെയിൻ ആഡ് പാലിയറ്റീവ് കെയർ യൂണിറ്റിൻ്റെ ഡയറക്ടർ, ഫാ. ബിനു പയ്യംപിള്ളിൽ, . പി.കെ. സെബാസ്റ്റ്യൻ, സീനത്ത് പൊന്നത്ത്, നാഫിയ വി. എസ്. എന്നിവർ പ്രസംഗിച്ചു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരുന്നൂറോളം പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇതുവരെ ഒൻപതിനായിരത്തോളം പേർ കേശദാനം = സ്നേഹാദാനം കൂട്ടായ്മയിലേക്കായി മുടി മുറിച്ചു നൽകിയെന്നും ഇരുന്നൂറോളം സ്ഥാപനങ്ങൾ കേശദാന ക്യാമ്പുകൾ നടത്തിയതായും അസോസിയറ്റ് ഡയറക്ടർ, ഫാ. ജെയ്സൺ മുണ്ടൻമാണി അറിയിച്ചു.