വസോര്‍ധാരയോടെ മൂന്നാം അതിരുദ്ര മഹായജ്ഞത്തിന് സമാപനമായി.
ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ 11-ദിവസം നീണ്ടുനിന്ന മൂന്നാം അതിരുദ്ര മഹായജ്ഞത്തിന്, വസോര്‍ധാരയോടെ സമാപനമായി. യജ്ഞശാലയിലെ ഹോമകുണ്ഢത്തില്‍ നെയ്യ് ധാരമുറിയാതെ ഹോമിയ്ക്കുന്ന വസോര്‍ധാര ദര്‍ശിയ്ക്കാന്‍ അഭൂതപൂര്‍വ്വമായ ഭക്തജനതിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. ദേവചൈതന്യ വര്‍ദ്ധനവിനും, അതുവഴി സമൂഹനന്മ പ്രദാനം ചെയ്യുന്ന ശ്രേഷ്ഠമായ ചടങ്ങാണ്, വസോര്‍ധാര. വസോര്‍ധാര ചടങ്ങിന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികനായി.
മഹാദേവന് 121-കുടം കലശം, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് അഭിഷേകം ചെയ്തു. ഇതോടെ അതിരുദ്ര മഹായജ്ഞത്തിന് 1331-കുടം മഹാദേവന് അഭിഷേകം നടത്തി. 1997-ല്‍ ഒന്നാം അതിരുദ്ര മഹായജ്ഞവും, 2009-ല്‍ രണ്ടാം അതിരുദ്രയജ്ഞവും നടത്തിയ മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ മൂന്നാം അതിരുദ്ര മഹായജ്ഞമാണ് ഭക്ത്യാദരപൂര്‍വ്വം സമാപിച്ചത്. മുറതെറ്റാതെ മൂന്ന് അതിരുദ്ര മഹായജ്ഞങ്ങളും, 22-മഹാരുദ്രയജ്ഞങ്ങളും നടത്തി ചരിത്രത്തില്‍ ഇടംപിടിച്ച ക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം. . അതിരുദ്ര മഹായജ്ഞത്തിന്റെ ഭാഗമായി ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരുന്നെങ്കിലും, ഇന്ന് വിശിഷ്ടമായ പ്രസാദ ഊട്ടാണ് ഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡ് ഒരുക്കിയിരുന്നത്. പ്രസാദ ഊട്ടില്‍ അയ്യായിരത്തിലേറെ ഭക്തര്‍ പങ്കുകൊണ്ടു.
വൈകീട്ട് മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. ഹരിഹരകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം, ഗുരുവായൂര്‍ എം.എല്‍.എ: എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എ.എന്‍. നീലകണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തി. മമ്മിയൂര്‍ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ പി. സുനില്‍കുമാര്‍, കെ.കെ. ഗോവിന്ദദാസ്, ചെറുതയ്യൂര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, സ്റ്റാഫ് മെമ്പര്‍ ജ്യോതി ശങ്കര്‍, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ ജ്യോതി രവീന്ദ്രനാഥ്, കെ.പി. ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നാം അതിരുദ്ര മഹായജ്ഞത്തിന്റെ സ്മരണയ്ക്കായി ക്ഷേത്രവളപ്പില്‍ ഗുരുവായൂര്‍ എം.എല്‍.എ: എന്‍.കെ. അക്ബറും, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എ.എന്‍. നീലകണ്ഠനും ചേര്‍ന്ന് രുദ്രാക്ഷമരവും നട്ടു.