യുവനടന്‍ ഷെയ്ൻ നിഗമിന് മലയാള സിനിമയില്‍ വിലക്ക് .
കൊച്ചി: യുവനടന്‍ ഷെയ്ൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ വിലക്ക്. ഷെയ്ൻ അഭിനയിക്കുന്ന വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ തീരുമാനം. ഇതുവരെ ചെലവായ തുക ഷെയിനിൽ നിന്ന് ഈടാക്കും. രണ്ട് ചിത്രങ്ങൾക്കുമായി ഏഴ് കോടി രൂപയാണ് ചെലവ്. ഈ പണം നൽകാതെ ഷെയിനിനെ ഇനി ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നാണ് തീരുമാനം എന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.
മലയാള സിനിമയിൽ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഷെയ്നില്‍ നിന്ന് ഉണ്ടായതെന്നും വിലക്കിന്‍റെ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേര്‍ത്തു. ഇത്രയും മോശം അനുഭവം മറ്റൊരാളിൽ നിന്നും ഉണ്ടായിട്ടില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടനാ ഭാരവാഹികൾ ആരോപിച്ചു.
ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനം. ഉല്ലാസം സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമയ്ക്ക് കൂടുതൽ പ്രതിഫലം ചോദിച്ചെന്നാണ് പരാതി. 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടതെന്നും എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിർമ്മാതാക്കൾ പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
നടൻ ഷെയ്ൻ നിഗമിനെ വിലക്കിയതിനൊപ്പം പുതുതലമുറ താരങ്ങൾക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ലഹരിവസ്തുക്കൾ പലപ്പോഴും ലൊക്കേഷനുകളിലേക്ക് എത്തുന്നുവെന്ന് പരാതിയുണ്ട്. അത് ശരിയാണെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുമുണ്ട്. വിശദമായ അന്വേഷണത്തിനായി ലൊക്കേഷനുകളിൽ പൊലീസ് പരിശോധന നടത്തണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ചില താരങ്ങൾ കാരവാനിൽ നിന്ന് ഇറങ്ങാറില്ല. അച്ചടക്കമില്ലായ്മ ചെറുപ്പക്കാരായ താരങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപകമായിട്ടുണ്ട്. എല്ലാ സിനിമാ സെറ്റുകളിലും ലഹരിവസ്തുക്കൾ എത്തുന്നുണ്ട്. എല്ലാ സെറ്റുകളിലും പരിശോധന നടത്തട്ടെ. അമ്മ സംഘടനയിൽ പല യുവതാരങ്ങളും ചേരാൻ തയ്യാറല്ല. കാരണം അമ്മയ്ക്ക് കൃത്യമായ നിലപാടുകളുണ്ട്. അമ്മയുമായി സഹകരിക്കാത്ത, അംഗങ്ങളല്ലാത്ത ആളുകൾക്കെതിരെ ആർക്ക് പരാതി നൽകും?
എല്ലാ കാരവാനുകളും വിശദമായി പരിശോധിക്കണം. ഇപ്പോൾ പേരെടുത്ത് ആരോപണമുന്നയിക്കാനില്ല. കൃത്യമായ അന്വേഷണം നടക്കട്ടെ. 84% നഷ്ടത്തിലോടുന്ന വ്യവസായമാണിത്.
ഷെയ്ൻ മാത്രമല്ല, പലരും സ്വബോധത്തിലല്ല കാര്യങ്ങൾ ചെയ്യുന്നത്. പല താരങ്ങളും സഹകരിക്കുന്നില്ല. ഇത്തരം പെരുമാറ്റം സ്വബോധത്തോടെ ആരും ചെയ്യില്ലല്ലോ.
<