ദേവസ്വം ആയുർവ്വേദ ആശുപത്രിയിൽ നൽകുന്നത് കാലാവധി കഴിഞ്ഞ മരുന്നുകൾ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആയുർവ്വേദ ആശുപത്രിയിൽ രോഗികൾക്ക് നൽകുന്നത് കാലാവധി കഴിഞ്ഞ മരുന്നുകൾ . 2020 ഫെബ്രുവരിയിൽ നിർമിക്കുകയും 2022 ജനുവരിയിൽ കാലാവധി കഴിഞ്ഞതുമായ കഷായ പൊടിയാണ് ഇപ്പോഴും രോഗികൾക്ക് തിളപ്പിച്ച് കൊടുക്കുന്നത് .ആശുപത്രിയിൽ ആവശ്യം വരുന്നതിന്റെ എത്രയോ ഇരട്ടി മരുന്നാണ് വാങ്ങി സ്റ്റോക്ക് ചെയ്തിരിക്കുന്നത് . കാലാധി കഴിഞ്ഞ് രണ്ടു വര്ഷം പിന്നിട്ടു . ഇനിയും പല വർഷങ്ങൾ കഴിഞ്ഞാൽ മാത്രമേ ഈ സ്റ്റോക്ക് തീരുകയുള്ളു എന്നാണ് പുറത്തു വരുന്ന വിവരം .
ഔഷധിയിൽ നിന്നാണ് ഇതയധികം മരുന്നുകൾ വാങ്ങി കൂട്ടയിട്ടുള്ളത് , സ്വകാര്യ സ്ഥാപനം കച്ചവടം കൂട്ടാൻ കമ്മീഷൻ നൽകുന്നത് പോലെ സര്ക്കാര് സ്ഥാപനമായ ഔഷധിആർക്കും കമ്മീഷൻ നൽകുന്ന വിവരം ഇല്ല . മെഡിക്കൽ ഓഫീസറുടെ സ്വന്തം സ്ഥാപനത്തിലേക്ക് ആവശ്യമുള്ളത് കൂടി ദേവസ്വം ആശുപത്രി വഴിയാണോ വാങ്ങി കൂട്ടുന്നത് എന്ന സംശയമാണ് ഉയരുന്നത് . അല്ലാതെ ഇത്രയധികം മരുന്നുകൾ വാങ്ങി കൂട്ടുന്നതിൽ എന്ത് കാരണമാണ് പറയാൻ കഴിയുക . സ്വന്തം സ്ഥാപനത്തിലേക്ക് ദേവസ്വത്തിന്റെ സ്ഥലത്ത് കൂടി റോഡ് നിർമിക്കാമെങ്കിൽ മരുന്നുകൾ വാങ്ങി കൊണ്ട് പോകൽ അത്ര പ്രയാസമുള്ള കാര്യമല്ലല്ലോ .
ആവശ്യത്തിൽ കൂടുതൽ മരുന്നുകൾ വാങ്ങി കൂട്ടിയത് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിരുന്നു. എന്നിട്ടും ദേവസ്വം ഒരു നടപടിയും എടുത്തില്ല . ദേവസ്വം നിയമിച്ച മാനേജർക്ക് പോലും ആയുർവ്വേദ ആശുപത്രിയിലേക്ക് പ്രവേശനം ഇല്ല .അത്രക്ക് നിഗൂഢമായ സ്ഥലമാക്കി മെഡിക്കൽ ഓഫീസറും സംഘവും ആയുർവേദ ആശുപത്രിയെ മാറ്റി കഴിഞ്ഞു .കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകി രോഗികളുടെ ജീവൻ പന്താടുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ദേവസ്വത്തിന്റെ കീഴിൽ ഉള്ള ആശുപത്രിയിൽ വരുന്ന രോഗികൾ നിര്ധനരാണ് . വിഷം പോലും നൽകിയാലും ഒരു പരാതിയും ഉണ്ടാകില്ല എന്ന് ധാർഷ്ട്യം ആണ് ഇത്രയും ഹീനമായ കാര്യങ്ങൾ ചെയ്യാൻ ഇവർക്ക് ധൈര്യം കൊടുക്കുന്നത് .
ഇത്തരക്കാരെ ആരോഗ്യ രംഗത്ത് നിന്ന് എത്രയും പെട്ടെന്ന് മാറ്റി നിർത്താൻ കഴിയില്ലെങ്കിൽ ആയുർവേദ ആശുപത്രി തന്നെ അടച്ചു പൂട്ടുകയാണ് രോഗികളുടെ ജീവന് രക്ഷിക്കാൻ നല്ലത് . സംസ്ഥാന ആരോഗ്യ വകുപ്പ് പ്രശ്നത്തിൽ ഇടപെട്ട് കർശന നടപടി എടുക്കണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത് . സ്വാധീനമുണ്ടെങ്കിൽ ദേവസ്വത്തിൽ എന്തും നടത്താം എന്നാണ് സമീപ കാല സംഭവങ്ങൾ കാണിക്കുന്നത് . ദേവസ്വത്തിൽ നടക്കുന്ന കാര്യങ്ങളിൽ ഭരണ സമിതിക്ക് ഒരു ധാരണ യും ഇല്ല എന്ന് തോന്നുന്നു . തൊഴലും , തൊഴീക്കലുമായി കാലാവധി പൂർത്തിയാക്കണം എന്ന ചിന്തയാണ് അധികാരികളെ ഭരിക്കുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല