അഷ്ടമിരോഹിണി, ഗുരുവായൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി
ഗുരുവായൂര്‍: അഷ്ടമി രോഹിണി ആ ഘോഷത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉണ്ണി കണ്ണന്റെ പിറന്നാൾ ദിനത്തില്‍ രാവിലെ 6-മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ സ്‌പെഷ്യല്‍ ദര്‍ശനം അനുവദിക്കില്ല എന്നാല്‍ പരിഗണിയ്ക്കപ്പെടേണ്ട വി.വി.ഐ.പികള്‍ക്ക് കണ്ണന്റെ പിറന്നാള്‍ ദിനത്തില്‍ ഈ നിയന്ത്രണം ബാധകമല്ലെന്നും ചെയര്‍മാന്‍ അറിയിച്ചു. ഒപ്പംതന്നെ, 4500-രൂപയുടേയും, 1000-രൂപയുടേയും നെയ്യ്‌വിളക്ക് ശീട്ടാക്കിയിട്ടുള്ള ഭക്തര്‍ക്ക്, പ്രത്യേക ദര്‍ശന സൗകര്യം അനുവദിയ്ക്കും.
ഭഗവാന്റെ പിറന്നാള്‍ ദിനത്തില്‍ രാവിലെ ആറുമണിമുതല്‍ ഉച്ചയ്ക്ക് 2-മണിവരെ ഭക്തര്‍ ശയനപ്രദക്ഷിണം ചെയ്യരുതെന്നും, ക്ഷേത്രത്തിലെ തിരക്ക് പരിഗണിച്ച് ഇക്കാര്യത്തില്‍ ക്ഷേത്രവുമായി സഹകരിയ്ക്കണമെന്നും ചെയര്‍മാന്‍ ഭക്തജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ക്ഷേത്രദര്‍ശനത്തിനെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും വിശേഷ വിഭവങ്ങളോടേയുള്ള പിറന്നാള്‍ സദ്യയും ദേവസ്വം ഒരുക്കുന്നുണ്ട്. മുപ്പതിനായിരത്തിലേറെ ഭക്തര്‍ക്കാണ് പിറന്നാള്‍ സദ്യ ഒരുക്കുന്നത് . രാവിലെ 9-മണിയ്ക്കാരംഭിയ്ക്കുന്ന പിറന്നാള്‍ സദ്യ, ഉച്ചയ്ക്ക് രണ്ടുമണിവരെ ക്യൂവില്‍നില്‍ക്കുന്ന മുഴുവന്‍ ഭക്തര്‍ക്കും നല്‍കാനാണ് ദേവസ്വം തീരുമാനിച്ചിട്ടുള്ളത്. മൂന്നിടങ്ങളിലായി ഒരുക്കിയിട്ടുള്ള സ്ഥലങ്ങളില്‍ ഒരേസമയം 1800-പേര്‍ക്ക് പിറന്നാള്‍ സദ്യയില്‍ പങ്കെടുക്കാം. കാളൻ , ഓലൻ ,എരിശ്ശേരി പച്ചടി ,മെഴുക്കുപുരട്ടി , പുളിയിഞ്ചി ,അച്ചാർ ,പപ്പടം കായവറവ് ,ശർക്കര വരട്ടി ,നെയ്യ് ,[പരിപ്പ് അടക്കം വിഭവ സമൃദ്ധമായ സദ്യയാണ് പിറന്നാൾ ദിനത്തിൽ ഒരുക്കുന്നത്
കണ്ണന്റെ പിറന്നാള്‍ ദിനത്തില്‍ രാവിലെയും, ഉച്ചയ്ക്കും മേളത്തോടുകൂടിയ കാഴ്ച്ചശീവേലി, സന്ധ്യയ്ക്ക് തായമ്പക, രാത്രി പഞ്ചവാദ്യത്തോടേയുള്ള കാഴ്ച്ചശീവേലി, തുടര്‍ന്ന് ഇടയ്ക്കാ നാദസ്വരത്തോടെ രാത്രി വിളക്കെഴുന്നെള്ളിപ്പും ഭഗവാന്റെ പിറന്നാളാഘോഷത്തിന് മാറ്റുകൂട്ടും.രാവിലത്തെ മേളത്തിന് പെരുവനം കുട്ടൻ മാരാരും ഉച്ചക്ക് മേളത്തിന് സന്തോഷ് മാരാരും പ്രമാണം നിൽക്കും , പഞ്ചവാദ്യത്തിന് തിമില ചോറ്റാനിക്കര വിജയൻ, മദദ്ദളം കലാമണ്ഡലം കുട്ടി നാരായണൻ,
ഇടയ്ക്ക തിച്ചൂർ മോഹനൻ, കൊമ്പ് മച്ചാട് മണികണ്ഠൻ, താളം പാഞ്ഞാൾ വേലുക്കുട്ടി എന്നിവരും അണിനിരക്കും
ചുറ്റുവിളക്ക്, കാഴ്ച്ചശീവേലി, വൈദ്യുതാലാങ്കാരം, പിറന്നാള്‍ സദ്യ തുടങ്ങി അഷ്ടമിരോഹിണിയ്ക്ക് മൊത്തം 28-ലക്ഷംരൂപ ദേവസ്വം വകയിരുത്തിയതായും ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ഭരണസമിതി അംഗളായ ക്ഷേത്രം തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായര്‍, ചെങ്ങറ സുരേന്ദ്രന്‍, കെ.ആര്‍. ഗോപിനാഥ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.