ആര്യൻ ഖാന് അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമെന്ന് എൻ.സി.ബി
മുംബൈ: ലഹരിമരുന്ന് കേസിൽ പിടിയിലായ, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻസിബി കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് ആവശ്യം.
ആര്യൻ ഖാനെതിരെ കൂടുതൽ തെളിവുകൾ കിട്ടിയിട്ടുണ്ട്. വലിയതോതിൽ ലഹരിവസ്തുക്കൾ (Drugs) വാങ്ങുന്നതിനെ കുറിച്ച് ആര്യൻ ഖാൻ സംസാരിക്കുന്ന ചാറ്റുകൾ കിട്ടി. ചാറ്റുകളിൽ ചില കോഡ് വാക്കുകളിൽ ചിലരെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇവർ ആരാണെന്ന് കണ്ടെത്തണം. ചാറ്റുകളിൽ അന്താരാഷ്ട്ര റാക്കറ്റുകൾ കുറിച്ചുള്ള സൂചനയും ഉണ്ടെന്നും എൻസിബി കോടതിയിൽ അറിയിച്ചു. ആര്യൻ ഖാന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത അന്വേഷണ ഏജൻസി, നടി റിയാ ചക്രവർത്തിയുമായി ബന്ധപ്പെട്ട കേസിലെ വിധിയും കോടതിയെ ഓർമ്മിപ്പിച്ചു.
അതിനിടെ, ആര്യൻ ഖാൻ അടക്കം പിടിയിലായ ആഢംബര കപ്പലിലെ ലഹരിപാർട്ടിയിൽ മലയാളിയുടെ ഇടപെടലും ഉണ്ടെന്ന വിവരം പുറത്തുവന്നു. പാർട്ടിക്ക് ലഹരിമരുന്ന് എത്തിച്ച് നൽകി ശ്രേയസ് നായർ എന്നയാൾ എൻസിബി കസ്റ്റഡിയിലാണ്. ഇയാൾ ആര്യൻ ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റ് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.
മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. കപ്പലിൽ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയെന്നാണ് വിവരം. ആര്യൻ ഖാന്‍റെ ലെൻസ് കെയ്സില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് എൻ.സി.ബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. കേസിലെ മറ്റു പ്രതികളുടെ സാനിറ്ററി പാഡിലും മരുന്ന് ബോക്സിലും ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തിരുന്നു. ആര്യനും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുണ്ടെന്നാണ് എൻ.സി.ബി കോടതിയില്‍ വ്യക്തമാക്കിയത്
അതേസമയം, ജാമ്യാപേക്ഷയുമായി ആര്യൻറെ അഭിഭാഷകൻ കോടതിയെ സമീപിച്ചു. ആര്യൻ ക്ഷണിതാവായി മാത്രമാണ് കപ്പലിൽ എത്തിയത്.
ലഹരി മരുന്നും ആര്യന്റെ കൈവശം കണ്ടെത്തിയിട്ടില്ല. സുഹൃത്തായ അബ്ബാസിൽ നിന്നാണ് 6 ഗ്രാം ചരസ് കണ്ടെടുത്തത്. ഇതൊരു കുറഞ്ഞ അളവ് മാത്രമാണ്. റെയ്ഡിൽ മറ്റു ലഹരി വസ്തുക്കൾ പിടിച്ചത് മറ്റുള്ള യാത്രക്കാരിൽനിന്നാണ്. ഇവരുമായി ആര്യന് ബന്ധമില്ല. വിദേശത്തുനിന്നു നടത്തിയ വാട്സാപ്പ് ചാറ്റിംഗിന്റെ പേരിൽ ഇപ്പോൾ അന്താരാഷ്ട്ര റാക്കറ്റുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടന്നത്. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്